പനാജി: 2029ഓടെ ഇന്ത്യയെ ലഹരിമുക്ത രാജ്യമാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നതിന്റെ ഭാഗമായി എന്‍സിസി, എന്‍എസ്എസ്, ‘മൈ ഭാരത്’ പ്ലാറ്റ്ഫോമുകള്‍ വഴി ഒരു ലക്ഷം ‘നശാമുക്തി മിത്ര’മാരെ പരിശീലിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ലഹരിമുക്തമാക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം, യുവജനകാര്യ-കായിക മന്ത്രാലയം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ സംയുക്തമായി പ്രവര്‍ത്തിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലും പൂര്‍ണ സജ്ജമായ ആന്റി നാര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്സുകള്‍ സ്ഥാപിക്കുമെന്ന് അമിത് ഷാ അറിയിച്ചു. 2027 മാര്‍ച്ചോടെ ഇത് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ശേഷിയുയര്‍ത്തലിനും ഏകോപനത്തിനും കേന്ദ്രസര്‍ക്കാര്‍ 100 ശതമാനം സാമ്പത്തിക സഹായം നല്‍കും. ലഹരിമരുന്ന് കേസുകളിലെ ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ 30 ദിവസത്തിനകം ലഭ്യമാക്കുന്നതിനുള്ള സംവിധാനവും ഒരുക്കും. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 25ലേറെ ഘടകങ്ങളും പ്രവര്‍ത്തനപദ്ധതികളും സമയബന്ധിതമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത മൂന്ന് വര്‍ഷത്തിനിടെ 100 രാജ്യാന്തര, അന്തര്‍സംസ്ഥാന ലഹരിക്കടത്ത് ശൃംഖലകള്‍ തകര്‍ക്കുകയാണ് മറ്റൊരു പ്രധാന ലക്ഷ്യം. ലഹരിക്കേസുകളുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് കടന്ന 100 പേരെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാനും നടപടി സ്വീകരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രധാന ലഹരിക്കടത്ത് സംഘങ്ങളുടെ തലവന്മാരെ കണ്ടെത്തുന്നതിനും അവരുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിനും നടപടികള്‍ ശക്തമാക്കും. വാണിജ്യ അളവിലുള്ള ലഹരിക്കേസുകളില്‍ സാമ്പത്തിക അന്വേഷണം ഉള്‍പ്പെടെ നടത്തുമെന്നും അമിത് ഷാ വ്യക്തമാക്കി.
ലഹരിക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ശൃംഖലകള്‍ കണ്ടെത്താന്‍ സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളെയും രംഗത്തിറക്കും. വിമാനത്താവളങ്ങളിലും കാര്‍ഗോ ടെര്‍മിനലുകളിലും റിസ്‌ക് അടിസ്ഥാനമാക്കിയുള്ള പ്രൊഫൈലിങ് സ്‌കാനറുകള്‍ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സിന്തറ്റിക് ലഹരിമരുന്നുകളും അവയുടെ മുന്‍ഗാമി രാസവസ്തുക്കളും നിര്‍മിക്കുന്ന രഹസ്യ ലാബുകള്‍ക്കെതിരായ നടപടികളും ശക്തമാക്കും. അടുത്ത മൂന്ന് വര്‍ഷത്തിനിടെ ഇത്തരം 100 ലാബുകള്‍ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും അമിത് ഷാ അറിയിച്ചു.
ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നാല് പ്രധാന തൂണുകളാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്‌ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രഹസ്യാന്വേഷണ-ഓപ്പറേഷന്‍ അടിസ്ഥാനത്തിലുള്ള നിയമനടപടി, പ്രീകഴ്സര്‍ രാസവസ്തുക്കളുടെയും സിന്തറ്റിക് ലഹരിമരുന്നുകളുടെയും നിയന്ത്രണം, ലഹരി ഉപയോഗം കുറയ്‌ക്കുന്നതിനും ദോഷഫലങ്ങള്‍ നിയന്ത്രിക്കുന്നതിനുമുള്ള നടപടികള്‍, ശേഷിയുയര്‍ത്തലും ഏകോപനവും എന്നിവയാണ് ഈ നാല് തൂണുകള്‍.















