കൊല്ലം: സ്വത്ത് കുറഞ്ഞുപോയെന്നാരോപിച്ച് വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച മകൻ അറസ്റ്റിൽ. ചവറ തോട്ടിന് വടക്ക് മണ്ണന്തറ വീട്ടിൽ ശ്യാമളയമ്മയെയാണ് മകൻ വേണു മർദ്ദിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
സഹോദരങ്ങളേക്കാൾ തനിക്ക് സ്വത്ത് കുറഞ്ഞുപോയെന്നാരോപിച്ചായിരുന്നു മർദ്ദനം. വേണു മാതാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ വീട്ടിലെ ഹോം നഴ്സ് പകർത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. മർദ്ദനത്തിന് ശേഷം വേണു വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
ചവറ കെഎംഎംഎല്ലിലെ തൊഴിലാളിയാണ് വേണു. സംഭവത്തിൽ ചവറ പൊലീസ് ശ്യാമളയമ്മയുടെയും ഹോം നഴ്സിന്റെയും മൊഴി രേഖപ്പെടുത്തിവരികയാണ്. മർദ്ദനത്തിന്റെ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.















