ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരുൾപ്പെടെയുള്ള ലോകനേതാക്കൾ ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിലെത്തും. സെപ്റ്റംബർ 12, 13 തീയതികളിലാണ് ഉച്ചകോടി നടക്കുന്നത്.
ലോകനേതാക്കളുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് അഭൂതപൂർവമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 500 സിസിടിവി ക്യാമറകൾ, ഏകദേശം 7,000 സുരക്ഷാ ഉദ്യോഗസ്ഥർ തുടങ്ങി കനത്ത സുരക്ഷാ വലയത്തിലാണ് തലസ്ഥാനം.
വിദേശ നേതാക്കളുടെ വിമാനങ്ങൾ ഡൽഹിയിൽ എത്തുന്നതിന് മുമ്പേ തന്നെ വിവിധ സുരക്ഷാ ഏജൻസികൾ സംയുക്തമായി സുരക്ഷാ ഗ്രിഡ് ശക്തമാക്കി. നേതാക്കളുടെ സഞ്ചാരപാതകൾ, താമസിക്കുന്ന ഹോട്ടലുകൾ, ഉച്ചകോടി വേദി എന്നിവിടങ്ങളിൽ ബഹുതല സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
മേൽക്കൂരകളിൽ സ്നൈപ്പർമാർ; ഡ്രോണുകൾക്കും നിരീക്ഷണം
പ്രധാന കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ സ്നൈപ്പർമാരെ വിന്യസിക്കും. AI സഹായത്തോടെയുള്ള നിരീക്ഷണ സംവിധാനങ്ങളിലൂടെ സംശയാസ്പദമായ ചലനങ്ങളും പെരുമാറ്റങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങളും ഉപയോഗിക്കും.
അടിയന്തര സാഹചര്യം ഉണ്ടായാൽ കമാൻഡോകളെ ഹെലികോപ്റ്ററുകളിൽ നിന്ന് കയറുകൾ ഉപയോഗിച്ച് താഴെയിറക്കുന്നതിനുള്ള സംവിധാനങ്ങളും സജ്ജമാണ്. UAVകൾ ഉപയോഗിച്ച് ആകാശനിരീക്ഷണം ശക്തമാക്കും. ഡ്രോണുകളുടെ സിഗ്നലുകൾ തടസ്സപ്പെടുത്തുന്നതിനും ആവശ്യമായാൽ അവയെ നിർവീര്യമാക്കുന്നതിനുമുള്ള സംവിധാനങ്ങളും വിവിധ സ്ഥലങ്ങളിൽ ഒരുക്കിയിട്ടുണ്ട്.
പുടിന് ‘ഉരുളുന്ന ബങ്കർ’
റഷ്യൻ പ്രസിഡന്റ് പുടിനു വേണ്ടി റഷ്യയുടെ ഫെഡറൽ പ്രൊട്ടക്റ്റീവ് സർവീസും ഇന്ത്യൻ സുരക്ഷാ ഏജൻസികളും സംയുക്തമായി ഒരു സുരക്ഷാ വലയം ഒരുക്കുകയാണ്. പുടിന്റെ കാർ യാത്രയ്ക്കായി, “റോളിംഗ് ബങ്കർ” എന്നും അറിയപ്പെടുന്ന അദ്ദേഹത്തിന്റെ പ്രത്യേക ഓറസ് സെനറ്റ് കവചിത കാർ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തിട്ടുണ്ട്. സ്നൈപ്പർ ഫയർ, ലാൻഡ് മൈനുകൾ, രാസ ആക്രമണങ്ങൾ തുടങ്ങിയ ഭീഷണികളിൽ നിന്ന് സംരക്ഷിക്കുന്നതിനാണ് ഈ കാർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഹോട്ടലുകൾക്കായി പ്രത്യേക സുരക്ഷിത മേഖലകൾ
ഡൽഹിയിലെ സെൻട്രൽ ഏരിയ, എയ്റോസിറ്റി, ഗുരുഗ്രാം എന്നിവിടങ്ങളിലെ വിദേശ അതിഥികൾ താമസിക്കുന്ന ഹോട്ടലുകളെ പ്രത്യേക സുരക്ഷാ മേഖലകളായി തിരിച്ചിട്ടുണ്ട്. ഓരോ ഹോട്ടലിന്റെയും സുരക്ഷയ്ക്കായി ഒരു ഡിസിപി ലെവൽ ഓഫീസറെ വെന്യൂ കമാൻഡറായി നിയമിച്ചിട്ടുണ്ട്, അതേസമയം പ്രത്യേക കമ്മീഷണർ ലെവൽ ഓഫീസർമാർ വലിയ പ്രദേശങ്ങൾ നിരീക്ഷിക്കും. ഓരോ ഹോട്ടലിലെയും രണ്ട് മുറികൾ ഓപ്പറേഷണൽ കമാൻഡ് പോസ്റ്റുകളാക്കി മാറ്റി. ഇവയിലൊന്ന് ഡൽഹി പോലീസിന്റെ സെൻട്രൽ സി4ഐ കമാൻഡ് സിസ്റ്റവുമായി ബന്ധിപ്പിക്കും, മറ്റൊന്ന് അടിയന്തര സാഹചര്യത്തിൽ ബാക്കപ്പ് കൺട്രോൾ റൂമായി പ്രവർത്തിക്കും.















