ന്യൂഡല്‍ഹി: വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സ്വരൂപ് നഗറില്‍ ഫാക്ടറിയില്‍ തീപിടിത്തം. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പരിഭ്രാന്തിയില്‍ സമീപത്തെ കെട്ടിടത്തില്‍ നിന്ന് ചാടിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാവരുടെയും നില അപകടകരമല്ലെന്ന് പൊലീസ് അറിയിച്ചു. സ്വരൂപ് നഗറിലെ ഗലി നമ്പര്‍ രണ്ടിലുള്ള ജുഡോ വസ്ത്രങ്ങളും ബോക്‌സിങ് ഗ്ലൗസുകളും നിര്‍മിക്കുന്ന ഫാക്ടറിയിലാണ് ഞായറാഴ്ച രാവിലെ തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലും ഒന്നാം നിലയിലുമാണ് തീ പടര്‍ന്നത്.
രാവിലെ 11.05നാണ് ഡല്‍ഹി ഫയര്‍ സര്‍വീസിന് തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് 15 ഫയര്‍ ടെന്‍ഡറുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനവും തീയണക്കല്‍ നടപടികളും ആരംഭിച്ചു. തീപിടിത്തമുണ്ടാകുമ്പോള്‍ ഫാക്ടറിക്കുള്ളില്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന്റെ വിവരം. എന്നാല്‍ സമീപത്തെ കെട്ടിടത്തിലെ താമസക്കാര്‍ക്കിടയില്‍ തീപിടിത്തത്തെ തുടര്‍ന്ന് പരിഭ്രാന്തിയുണ്ടായി. ഇതിനിടെയാണ് ആറ് പേര്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയത്.
ഫാക്ടറിയിലെ തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്. ഇതിനിടെ കിഴക്കന്‍ ഡല്‍ഹിയിലെ ന്യൂ അശോക് നഗറില്‍ വസുന്ധര എന്‍ക്ലേവിന് സമീപം, കാന്‍സര്‍ ആശുപത്രിക്ക് പിന്നിലുള്ള ഗോഡൗണിലും തീപിടിത്തമുണ്ടായി. സംഭവത്തെ തുടര്‍ന്ന് 11 ഫയര്‍ ടെന്‍ഡറുകള്‍ സ്ഥലത്തെത്തി തീയണക്കല്‍ നടപടികള്‍ ആരംഭിച്ചു. ഇരു തീപിടിത്തങ്ങളുടെയും കാരണം സംബന്ധിച്ച് അധികൃതര്‍ അന്വേഷണം നടത്തിവരികയാണ്.















