തിരുവനന്തപുരം: ദേവസ്വം വിജിലന്‍സില്‍ അഴിച്ചുപണിക്ക് നീക്കം. ശബരിമല സ്വര്‍ണക്കൊള്ളയും നെയ് ക്രമക്കേടും അന്വേഷിച്ച ഉദ്യോഗസ്ഥരെ മാറ്റുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. മൂന്ന് എസ്ഐമാരുടെയും മൂന്ന് സിവില്‍ പൊലീസ് ഓഫീസര്‍മാരുടെയും പേരടങ്ങിയ പട്ടിക വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയതായാണ് വിവരം. ഉദ്യോഗസ്ഥരെ മാറ്റരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുള്ള സാഹചര്യത്തിലാണ് പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്. പേരും പെന്‍ നമ്പറും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് പട്ടികയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
എസ്ഐമാരായ വിഷ്ണു എം.പി., രാംലാല്‍ എ.ആര്., രമേശന് പിള്ള, സിപിഒമാരായ ശ്യാംമോഹന്, രതീഷ്, വിനു ബി.എസ്. എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്. ഉദ്യോഗസ്ഥര്‍ക്ക് മാറ്റത്തിനായി അപേക്ഷിക്കാനുള്ള സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് പട്ടിക കൈമാറിയതെന്നാണ് വിവരം. പൊലീസ് മേധാവി നല്കിയ കത്താണ് പുറത്തുവന്നത്. അതേസമയം, ഉദ്യോഗസ്ഥരെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ഇതുവരെ ഔദ്യോഗിക കുറിപ്പോ വിശദീകരണമോ പുറത്തുവിട്ടിട്ടില്ല.
ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റാനുള്ള നീക്കത്തിന് പിന്നിലെ കാരണം സംബന്ധിച്ചും ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.















