കൊച്ചി: മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ ഓഫീസിനെയും അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED). ഹവാല ഇടപാടുകൾക്കായി മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരെയും ഉപയോഗിച്ചെന്ന ഗുരുതര ആരോപണങ്ങളാണ് ഇഡി ഉന്നയിച്ചിരിക്കുന്നത്.
‘നമ്മൾ ബേപ്പൂർ കോർ ടീം’ എന്ന പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പും ഹവാല ഇടപാടുകൾക്ക് വേണ്ടി ഉപയോഗിച്ചതായാണ് ഇഡിയുടെ കണ്ടെത്തൽ. ഹവാല ബന്ധമുള്ളവരെ ഉൾപ്പെടുത്തിയാണ് ഗ്രൂപ്പ് രൂപീകരിച്ചതെന്നും അന്വേഷണ ഏജൻസി വ്യക്തമാക്കുന്നു.
ഗ്രൂപ്പിൽ ‘മിനിസ്റ്റർ റിയാസ്’ എന്ന് സേവ് ചെയ്ത നമ്പറിന് പുറമെ ‘മിഥുൻ കിച്ചു റിയാസ് സെക്രട്ടറി’, ‘വിപിൻ മിനിസ്റ്റർ സെക്രട്ടറി’ എന്നീ പേരുകളിൽ സേവ് ചെയ്ത നമ്പറുകളും ഉണ്ടായിരുന്നതായാണ് ഇഡിയുടെ കണ്ടെത്തൽ. മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടവരുടെ ഫോൺ നമ്പറുകൾ ഉൾപ്പെട്ടിരുന്നത് അന്വേഷണത്തിൽ നിർണായക വിവരമായാണ് ഇഡി കാണുന്നത്.
വാരിസിന്റെ മൊബൈൽ ഫോണിൽ നടത്തിയ പരിശോധനയിലാണ് ‘നമ്മൾ ബേപ്പൂർ കോർ ടീം’ വാട്‌സ്ആപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചത്. ഗ്രൂപ്പിലെ അംഗങ്ങൾ, ആശയവിനിമയങ്ങൾ, ഫോൺ നമ്പറുകൾ, ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നതായാണ് സൂചന.
ഹവാല ഇടപാടുകളുമായി ബന്ധമുള്ള വ്യക്തികൾക്ക് പുറമെ രാഷ്‌ട്രീയ രംഗത്തും മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടവരും ഒരേ ഡിജിറ്റൽ ആശയവിനിമയ ശൃംഖലയിൽ ഉണ്ടായിരുന്നുവെന്നതാണ് അന്വേഷണ ഏജൻസി പ്രധാനമായും പരിശോധിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് റിയാസിന്റെ ഓഫീസിനെയും വിശദമായ അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന നിലപാട് ഇഡി സ്വീകരിച്ചതെന്നാണ് വിവരം. മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടവരുടെ പങ്ക്, ഗ്രൂപ്പിന്റെ രൂപീകരണ ലക്ഷ്യം, ഹവാല ഇടപാടുകളുമായുള്ള ബന്ധം എന്നിവയാകും അന്വേഷണത്തിൽ ഇനി നിർണായകമാകുക.















