കട്ടപ്പന: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വെള്ളാരംകുന്ന് സെന്റ് മേരീസ് ഹൈസ്‌കൂള്‍ അധ്യാപിക കാഞ്ചിയാര്‍ മുകളേല്‍ സെറീന സണ്ണി (53) മരിച്ചു. സെപ്റ്റംബര്‍ 10ന് പുലര്‍ച്ചെ രണ്ടോടെ കാലടിക്ക് സമീപമായിരുന്നു അപകടം. വിദേശത്തുനിന്ന് എത്തുന്ന മകളെ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാന്‍ ഭര്‍ത്താവിനും മകനുമൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മൂവര്‍ക്കും പരുക്കേറ്റെങ്കിലും സെറീനയുടെ നില ഗുരുതരമായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ മരണം സംഭവിച്ചു.
തമ്പലക്കാട് കട്ടിക്കാരന്‍ കുടുംബാംഗമാണ് സെറീന സണ്ണി. കുന്നുംഭാഗം സെന്റ് ജോസഫ്സ് സ്‌കൂള്‍, കട്ടപ്പന ഓസാനം സ്‌കൂള്‍, വള്ളക്കടവ് സെന്റ് ആന്റണീസ് സ്‌കൂള്‍, ഉപ്പുതറ സെന്റ് ഫിലോമിനാസ് സ്‌കൂള്‍, മ്ലാമല ഫാത്തിമ മാതാ സ്‌കൂള്‍ എന്നിവിടങ്ങളിലും അധ്യാപികയായി സേവനം ചെയ്തിട്ടുണ്ട്. കാഞ്ചിയാര്‍ സെന്റ് മേരീസ് പള്ളിയില്‍ ഇന്ന് വൈകിട്ട് മൂന്നിനാണ് സംസ്‌കാരം. ഭര്‍ത്താവ്: സണ്ണി (റിട്ട. സൂപ്രണ്ട്, മരിയന്‍ കോളജ് കുട്ടിക്കാനം). മക്കള്‍: സോന, സോനല്‍.















