തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും. മഴ ശക്തമാകുന്നതോടെ സംസ്ഥാനത്ത് തുടരുന്ന ചൂടിന് നേരിയ ആശ്വാസമുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഇടിമിന്നലിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ തുറസ്സായ സ്ഥലങ്ങളില്‍ നിന്ന് മാറി സുരക്ഷിതമായ കെട്ടിടത്തിനുള്ളില്‍ പ്രവേശിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റുള്ള സമയത്ത് വാതിലുകളും ജനലുകളും അടച്ചിട്ട് കെട്ടിടത്തിനുള്ളില്‍ സുരക്ഷിതമായി തുടരണം. ഇത്തരം സാഹചര്യങ്ങളില്‍ വൈദ്യുത ഉപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കുന്നതും സുരക്ഷിതമാണ്. ഇടിമിന്നലുള്ള സമയത്ത് ലാന്‍ഡ് ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദേശിക്കുന്നു.















