തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അന്വേഷിക്കുന്ന ദേവസ്വം ബോര്‍ഡ് വിജിലന്‍സ് സംഘത്തെ മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. അന്വേഷണ സംഘത്തെ മാറ്റരുതെന്ന ഹൈക്കോടതി നിര്‍ദേശം നിലനില്‍ക്കെയാണ് പുതിയ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. വിജിലന്‍സ് അന്വേഷണ സംഘത്തിലെ മൂന്ന് എസ്ഐമാര്‍ക്കും മൂന്ന് സിപിഒമാര്‍ക്കും പകരമായി പുതിയ ആറംഗ സംഘത്തെ നിയമിക്കുന്നതിനായി പൊലീസ് മേധാവി അപേക്ഷ ക്ഷണിച്ചിരുന്നു. ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് തയ്യാറാക്കിയ ചുരുക്കപ്പട്ടിക വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്.
നിലവിലെ അന്വേഷണ സംഘത്തില്‍ എസ്.പി. സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്ന് എസ്ഐമാരും മൂന്ന് സിപിഒമാരുമാണുള്ളത്. ശബരിമലയിലെ സ്വര്‍ണക്കൊള്ള, നെയ് അഭിഷേകവുമായി ബന്ധപ്പെട്ട ക്രമക്കേട് എന്നിവ അന്വേഷിക്കുന്ന സംഘമാണിത്. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ കാലാവധി 2027 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കാനും, ഒഴിവുള്ള എസ്ഐ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വഴി നിയമനം നടത്താനും സെപ്റ്റംബര്‍ രണ്ടിന് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചത്.
സെപ്റ്റംബര്‍ എട്ടിന് ദേവസ്വം വിജിലന്‍സില്‍ മൂന്ന് എസ്ഐമാരുടെയും മൂന്ന് സിപിഒമാരുടെയും ഒഴിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി സര്‍ക്കുലര്‍ അയച്ചു. സെപ്റ്റംബര്‍ 15 വരെയാണ് അപേക്ഷിക്കാനുള്ള സമയം. എന്നാല്‍ അപേക്ഷാ കാലാവധി അവസാനിക്കുന്നതിന് മുമ്പുതന്നെ പുതിയ ആറംഗ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി സെപ്റ്റംബര്‍ 11ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയതായാണ് വിവരം. എസ്ഐമാരായ എം.പി. വിഷ്ണു, എ.ആര്‍. രാംലാല്‍, രമേശന്‍ പിള്ള, സിപിഒമാരായ എം. ശ്യാംമോഹന്‍, ആര്‍. രതീഷ്, ബി.എസ്. വിനു എന്നിവരാണ് പട്ടികയിലുള്ളത്.
പുതിയ സംഘത്തെ നിയമിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി വിജിലന്‍സ് ഡയറക്ടറുടെ ക്ലിയറന്‍സാണ് ഇനി വേണ്ടത്. അതേസമയം, ഹൈക്കോടതി നിര്‍ദേശിച്ച നിലവിലെ അന്വേഷണ സംഘത്തിന്റെ കാലാവധി ദീര്‍ഘിപ്പിച്ച ഉത്തരവ് നിലനില്‍ക്കെ പുതിയ സംഘത്തെ നിയമിക്കാനുള്ള നീക്കത്തിന്റെ നിയമസാധുത സംബന്ധിച്ച് ചോദ്യങ്ങളും ഉയരുന്നുണ്ട്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ-്എല്‍ഡിഎഫ് ധാരണയുണ്ടെന്നതടക്കമുള്ള രാഷ്‌ട്രീയ ആരോപണങ്ങളും ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്.















