ന്യൂഡൽഹി: അന്താരാഷ്‌ട്ര സമുദ്രാതിർത്തിയിൽ ഇന്ത്യൻ യുദ്ധക്കപ്പലിൽ പാക് നാവികസേനാ കപ്പൽ ഇടിച്ചു. സംഭവത്തിൽ കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പാക് നാവികസേനയുടെ നടപടിയെ അസ്വീകാര്യവും പ്രൊഫഷണൽ അല്ലാത്തതുമെന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. സംഭവത്തിൽ പ്രതിഷേധം അറിയിക്കാൻ ന്യൂഡൽഹിയിലെ പാക് ഹൈക്കമ്മിഷനിലെ ചാർജ് ഡി അഫയേഴ്‌സിനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി.
1991ലെ ഇന്ത്യ-പാക് കരാറിലെ ആർട്ടിക്കിൾ 10ന്റെ വ്യവസ്ഥകൾക്ക് വിരുദ്ധമായാണ് പാക് നാവിക യൂണിറ്റുകളുടെ നടപടിയെന്ന് ഇന്ത്യ വ്യക്തമാക്കി. സമുദ്രത്തിൽ സൈനിക യൂണിറ്റുകൾ ജാഗ്രത പാലിക്കണമെന്നും ഉഭയകക്ഷി കരാറുകളിലെ വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്നും പാകിസ്താനോട് ആവശ്യപ്പെട്ടു.
സംഭവം ആവർത്തിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും പാക് നയതന്ത്രജ്ഞനോട് ഇന്ത്യ നിർദേശിച്ചു. വിഷയം ഇസ്ലാമാബാദിലും ഉന്നയിക്കാൻ ഇന്ത്യൻ നയതന്ത്ര പ്രതിനിധിക്ക് നിർദേശം നൽകിയിട്ടുണ്ട്.














