കോട്ടയം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം തടവ്. കോട്ടയം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. നാല് വർഷം തടവിന് പുറമെ 30,84,892 രൂപ പിഴയും അടയ്‌ക്കണം. സംസ്ഥാന പോലീസിൽ ഉന്നത പദവി വഹിച്ചിരുന്ന വ്യക്തിയെന്ന നിലയിൽ ശിക്ഷയിൽ ഇളവ് നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി.
2003 ജനുവരി 1 മുതൽ 2007 ജൂലൈ 7 വരെയുള്ള കാലയളവിൽ തച്ചങ്കരി തന്റെ അറിയപ്പെടുന്ന വരുമാന സ്രോതസ്സുകൾക്ക് ആനുപാതികമല്ലാത്ത വിധം 64.70 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. വിജിലൻസ് അന്വേഷണത്തിൽ ഇത് അറിയപ്പെടുന്ന വരുമാനത്തെക്കാൾ 135.80 ശതമാനം അധികമാണെന്ന് കണ്ടെത്തിയിരുന്നു. കേസിൽ തച്ചങ്കരി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയതിന് പിന്നാലെയാണ് ഇന്ന് ശിക്ഷ പ്രഖ്യാപിച്ചത്.
കേസിന്റെ വിചാരണ കോട്ടയം വിജിലൻസ് കോടതി ജഡ്ജി കെ.വി. രജനീഷിന്റെ മുൻപാകെയാണ് പൂർത്തിയായത്. മാതാപിതാക്കളിൽനിന്ന് പാരമ്പര്യമായി ലഭിച്ച കുടുംബസ്വത്താണ് കേസിൽ ഉൾപ്പെട്ടതെന്നായിരുന്നു തച്ചങ്കരിയുടെ വാദം. എന്നാൽ ഈ വാദം അംഗീകരിക്കപ്പെട്ടില്ല. കേസിൽനിന്ന് ഒഴിവാക്കണമെന്നും തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് തച്ചങ്കരി നൽകിയ നിയമനടപടികൾക്കും നേരത്തെ തിരിച്ചടിയേറ്റിരുന്നു.
തച്ചങ്കരി സർവീസിലിരിക്കെ വീടുകൾ, ഫ്ലാറ്റുകൾ, ഭൂമിയുൾപ്പെടെയുള്ള സ്വത്തുക്കൾ വരുമാനത്തിന് ആനുപാതികമല്ലാത്ത രീതിയിൽ സമ്പാദിച്ചെന്ന പരാതിയെ തുടർന്നാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. ബോബി കുരുവിള നൽകിയ പരാതിയിലാണ് അന്വേഷണം നടന്നത്. സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട ചെലവുകൾ വിജിലൻസ് കണ്ടെത്തിയെങ്കിലും അതിന് മതിയായ വരുമാനസ്രോതസ്സ് വിശദീകരിക്കാൻ കഴിഞ്ഞില്ലെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.
സ്ഥലം വാങ്ങിയ ഇടപാടുകളിൽ സ്റ്റാംപ് ഡ്യൂട്ടി അടച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടിലൂടെ സർക്കാരിന് നഷ്ടമുണ്ടാക്കിയെന്ന ആരോപണവും വിജിലൻസ് റിപ്പോർട്ടിലുണ്ടായിരുന്നു. 2013ലാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. ആദ്യം തൃശൂർ വിജിലൻസ് കോടതിയിലായിരുന്ന കേസ് പിന്നീട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേക്കും തുടർന്ന് കോട്ടയം വിജിലൻസ് കോടതിയിലേക്കും മാറ്റുകയായിരുന്നു.
കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് തച്ചങ്കരി നൽകിയ ഹർജിയുമായി ബന്ധപ്പെട്ട നിയമപോരാട്ടവും നീണ്ടുനിന്നു. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഇതുസംബന്ധിച്ച നടപടികൾ ഉണ്ടായിരുന്നു. തുടർന്ന് കോട്ടയം വിജിലൻസ് കോടതിയിൽ വിചാരണ പൂർത്തിയാക്കുകയായിരുന്നു.
ടോമിൻ തച്ചങ്കരിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന തച്ചങ്കരി കേരള പോലീസിൽ വിവിധ ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്. കെഎസ്ആർടിസി, ഫയർഫോഴ്സ്, കൺസ്യൂമർഫെഡ് തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഉന്നത ചുമതലകളും അദ്ദേഹം വഹിച്ചിരുന്നു.















