കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടിയെ യുട്യൂബ് വീഡിയോകളിലൂടെ അധിക്ഷേപിച്ചെന്ന കേസിൽ യുട്യൂബർ അറസ്റ്റിൽ. കോഴിക്കോട് സ്വദേശിനി രമ്യ ഷിംജിത്തിനെയാണ് പറവൂർ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ മാതാവിനോടുള്ള വ്യക്തിവിരോധത്തെ തുടർന്ന് കുട്ടിക്കെതിരെ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ച് അധിക്ഷേപകരമായ വീഡിയോകൾ യുട്യൂബിലൂടെ പ്രചരിപ്പിച്ചതെന്നാണ് കേസ്.
കുട്ടിയെ ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതായും പരാതിയുണ്ട്. സംഭവത്തിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പറവൂർ പൊലീസ് നടപടി സ്വീകരിച്ചത്.
വ്യാഴാഴ്ച പുലർച്ചെ കണ്ണൂർ ഇരിട്ടിക്കടുത്തുള്ള ബന്ധുവീട്ടിൽ നിന്നാണ് പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. ആദ്യഘട്ടത്തിൽ അറസ്റ്റിന് വഴങ്ങാൻ രമ്യ തയ്യാറായിരുന്നില്ല. തുടർന്ന് കോടതിയുടെ അറസ്റ്റ് വാറണ്ട് കാണിച്ചതോടെയാണ് ഇവർ കസ്റ്റഡിക്ക് വഴങ്ങിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അതേസമയം, സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ കുട്ടിയുടെ അമ്മയ്‌ക്കെതിരെ നേരത്തെ തൊട്ടിൽപ്പാലം പൊലീസ് കേസെടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണ്















