കോഴിക്കോട്: റൈഫിള്‍ സ്വന്തമായി വാങ്ങാന്‍ പോലും കഴിയാതിരുന്ന കാലത്ത് മറ്റുള്ളവരുടെ തോക്ക് കടം വാങ്ങി പരിശീലിച്ച ഒരു പെണ്‍കുട്ടി. ഇന്ന് അതേ റൈഫിള്‍ കൊണ്ട് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്കായി മെഡല്‍ നേടിയ താരം. കോഴിക്കോട് തിരുവമ്പാടി സ്വദേശി വിദര്‍ശ വിനോദിന്റെ കായികജീവിതം ഒരു പോരാട്ടത്തിന്റെ കഥ കൂടിയാണ്. 20-ാമത് ഏഷ്യന്‍ ഗെയിംസിന്റെ ആദ്യ ദിനം തന്നെ ഇന്ത്യയ്‌ക്കായി ഷൂട്ടിങ് റേഞ്ചില്‍ നിന്ന് വെള്ളി മെഡല്‍ നേടിയ സംഘത്തിലുണ്ടായിരുന്നു വിദര്‍ശ. ഐച്ചി-നഗോയയില്‍ നടന്ന വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ എളവേണില്‍ വാളറിവനും സോനം മസ്‌കറും ചേര്‍ന്ന ടീമിനൊപ്പമാണ് വിദര്‍ശ വെള്ളി സ്വന്തമാക്കിയത്. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ മലയാളി താരമെന്ന നേട്ടവും വിദര്‍ശ സ്വന്തമാക്കി.
കേരളത്തിലെ ഒരു സാധാരണ ഇടത്തരം കുടുംബത്തിലാണ് വിദര്‍ശയുടെ ജനനം. കരാറുകാരനായ അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം. പ്രത്യേക പരിശീലനത്തിന്റെ പിന്‍ബലമില്ലാതെയാണ് ഷൂട്ടിങ്ങിലേക്ക് എത്തിയത്. ഷൂട്ടിങ് പരിശീലനത്തിന്റെ ചെലവ് തുടക്കത്തില്‍ തന്നെ വലിയ വെല്ലുവിളിയായിരുന്നു. റൈഫിളിന് മാത്രം ലക്ഷങ്ങള്‍ ചെലവാകുന്ന സാഹചര്യത്തില്‍ സ്വന്തമായി ഉപകരണം വാങ്ങുക എളുപ്പമായിരുന്നില്ല. അതുകൊണ്ടുതന്നെ കരിയറിന്റെ ആദ്യഘട്ടത്തില്‍ എന്‍സിസിയുടെയും സുഹൃത്തുക്കളുടെയും റൈഫിളുകള്‍ കടം വാങ്ങിയായിരുന്നു വിദര്‍ശയുടെ പരിശീലനം. ആദ്യ പരീക്ഷണത്തില്‍ തന്നെ എന്‍സിസി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നാലെ കേരള സംസ്ഥാന ടീമിലും ഇടം നേടി. സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ അഗ്രിഗേറ്റ് ചാമ്പ്യനായിട്ടും സ്വന്തമായി ഒരു പ്രൊഫഷണല്‍ റൈഫിള്‍ എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞിരുന്നില്ല.
കോവിഡ് കാലം വിദര്‍ശയുടെ കായികജീവിതത്തിലും വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ഒരു വര്‍ഷത്തോളം ഷൂട്ടിങ് റേഞ്ചില്‍ പോകാന്‍ കഴിയാതെ വീട്ടിലിരുന്ന് യോഗയും വ്യായാമവും മാത്രമായി പരിശീലനം. ഉപകരണങ്ങള്‍ വാങ്ങുന്നതിനായി വായ്പയെടുക്കുന്നതിനെക്കാള്‍ ഷൂട്ടിങ് തന്നെ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് വരെ ചിന്തിച്ചിരുന്ന കാലമായിരുന്നു അത്. എന്നാല്‍ സാഹചര്യം മെച്ചപ്പെട്ടതോടെ വീണ്ടും റേഞ്ചിലേക്ക് മടങ്ങിയെത്തി. അപ്പോഴും സ്വന്തമായി റൈഫിള്‍ ഉണ്ടായിരുന്നില്ല. കടം വാങ്ങിയ തോക്കുകളിലൂടെയായിരുന്നു പരിശീലനവും മത്സരങ്ങളും. കോവിഡ് മഹാമാരിക്ക് ശേഷം ഷൂട്ടിങ് റേഞ്ചില്‍വച്ചാണ് വിദര്‍ശ സഹതാരമായ മനു എസ്. രവിയെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും സുഹൃത്തുക്കളാവുകയും വിവാഹിതരാകാന്‍ തീരുമാനിക്കുകയും ചെയ്തു.
വിദര്‍ശ്യയുടെ കരിയറില്‍ നിര്‍ണായകമായ മാറ്റത്തിനും ഈ ബന്ധം കാരണമായി. സ്വന്തമായി റൈഫിള്‍ പോലുമില്ലാതെ എങ്ങനെ ഒരു പ്രൊഫഷണല്‍ ഷൂട്ടറായി മുന്നേറാനാകുമെന്ന മനുവിന്റെ ചോദ്യം വിദര്‍ശയെ ചിന്തിപ്പിച്ചു. ”എന്തുകൊണ്ട് സ്വന്തമായി ഒരു റൈഫിള്‍ വാങ്ങിക്കൂടാ?” എന്ന മനുവിന്റെ ചോദ്യം വലിയൊരു തീരുമാനത്തിലേക്കാണ് വിദര്‍ശയെ നയിച്ചത്. മാതാപിതാക്കളുമായി ആലോചിച്ച് വായ്പയെടുത്ത് സ്വന്തമായി റൈഫിള്‍ വാങ്ങാന്‍ തീരുമാനിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും സ്വന്തം സ്വപ്‌നത്തില്‍ വിശ്വാസമുണ്ടെങ്കില്‍ ആ ചുവടുവെപ്പ് നടത്തണമെന്ന് മനു പിന്തുണ നല്‍കി. 2024ല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നാഷണല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ പ്രവേശനം ലഭിച്ചതോടെ വിദര്‍ശയുടെ കരിയറിന് പുതിയ വഴിത്തിരിവായി.
ആധുനിക പരിശീലന സൗകര്യങ്ങള്‍, ആവശ്യമായ ഉപകരണങ്ങള്‍, പോഷകാഹാരം, വിദഗ്ധ പരിശീലനം എന്നിവ ലഭിച്ചതോടെ സാമ്പത്തിക പരിമിതികള്‍ സൃഷ്ടിച്ചിരുന്ന പല ആശങ്കകളും മാറി. നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സെലക്ഷന്‍ നടപടികളിലൂടെ മികച്ച പ്രകടനം പുറത്തെടുക്കാനും വിദര്‍ശയ്‌ക്ക് കഴിഞ്ഞു. 2025ലെ ഏഷ്യന്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ കന്നി അന്താരാഷ്‌ട്ര മെഡല്‍ നേടിയതോടെ ഏഷ്യന്‍ ഗെയിംസ് ടീമിലേക്കുള്ള വാതിലും തുറന്നു. വിദര്‍ശയുടെ ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടത്തിന് പിന്നില്‍ മറ്റൊരു കൗതുകകരമായ അധ്യായവുമുണ്ട്.
റൈഫിളിന്റെ ഭാരം കാരണം വിദര്‍ശ പ്രയാസപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ട പരിശീലകന്‍ മനോജ് കുമാര്‍ തന്റെ മകള്‍ക്കായി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ഭാരം കുറഞ്ഞ റൈഫിള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിദര്‍ശയ്‌ക്ക് നല്‍കി. ആദ്യം അത് സ്വീകരിക്കാന്‍ താരം മടിച്ചെങ്കിലും പിന്നീട് ആ റൈഫിള്‍ തന്നെ ഉപയോഗിക്കണമെന്ന് പരിശീലകന്‍ നിര്‍ദേശിച്ചു. ഒടുവില്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്കായി മത്സരിക്കുമ്പോള്‍ വിദര്‍ശയുടെ കൈയില്‍ ഉണ്ടായിരുന്നത് ഒരിക്കലും തന്റേതാകുമെന്ന് കരുതിയിരുന്നില്ലാത്ത ആ ലൈറ്റ് വെയ്റ്റ് റൈഫിളായിരുന്നു. അതേ റൈഫിളില്‍ നിന്ന് ഇന്ത്യയ്‌ക്കായി മെഡല്‍ ‘വെടിവെച്ചിട്ടാണ്’ വിദര്‍ശ മടങ്ങിയത്. ഏഷ്യന്‍ ഗെയിംസില്‍ രണ്ട് ഇനങ്ങളിലാണ് വിദര്‍ശയ്‌ക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിച്ചത്. 50 മീറ്റര്‍ ഇനമാണ് തന്റെ പ്രധാന മത്സരമെന്ന് താരം പറയുന്നു.















