ഗ്രേറ്റര്‍ നോയിഡ: മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ‘ഹിന്ദു വലതുപക്ഷ വര്‍ഗീയത’ സംബന്ധിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭരണഘടനാ പദവിയുടെ അന്തസിന് യോജിച്ച രീതിയില്‍ പെരുമാറുന്നതില്‍ അന്‍സാരി പരാജയപ്പെട്ടുവെന്ന് യോഗി ആരോപിച്ചു. അന്‍സാരിയുടെ പരാമര്‍ശം നിര്‍ഭാഗ്യകരവും ആശങ്കപ്പെടുത്തുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രേറ്റര്‍ നോയിഡയില്‍ ഞായറാഴ്ച നടന്ന പരിപാടിയിലായിരുന്നു യോഗിയുടെ പ്രതികരണം. അന്‍സാരിയുടെ പരാമര്‍ശം ഇന്ത്യയ്ക്കും ഇന്ത്യന്‍ സംസ്കാരത്തിനും എതിരാണെന്നും ആഗോളതലത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് നടത്തിയതെന്നും യോഗി ആരോപിച്ചു.
പ്രധാനപ്പെട്ട ഭരണഘടനാ പദവി വഹിച്ച വ്യക്തി ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭരണഘടനയുടെ അന്തസിനും അനുസൃതമായി പെരുമാറേണ്ടതുണ്ടെന്നാണ് യോഗി പറഞ്ഞത്. വ്യക്തിപരമായ അഭിപ്രായങ്ങള്‍ വ്യത്യസ്തമായിരിക്കാമെങ്കിലും രാജ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന എ.ജി. നൂറാനി മെമ്മോറിയല്‍ ലെക്ചറിലാണ് ഹാമിദ് അന്‍സാരി വിവാദമായ പരാമര്‍ശം നടത്തിയത്. എ.ജി. നൂറാനിയുടെ The RSS: A Menace to India എന്ന 2019ലെ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയ അന്‍സാരി, മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഇന്ത്യ നേരിടുന്ന ഭീഷണിയെക്കുറിച്ച് നടത്തിയ പഴയ നിരീക്ഷണം ഉദ്ധരിക്കുകയായിരുന്നു.
കമ്യൂണിസത്തേക്കാള്‍ ഹിന്ദു വലതുപക്ഷ വര്‍ഗീയതയാണ് ഇന്ത്യ നേരിടുന്ന ഭീഷണിയെന്നായിരുന്നു അന്‍സാരി നെഹ്റുവിന്റെ പേരില്‍ ഉദ്ധരിച്ച പരാമര്‍ശം. ഇതിന് പിന്നാലെ രാഷ്ട്രീയ രംഗത്ത് വിമര്‍ശനവും പ്രതികരണങ്ങളും ശക്തമായി. അതിനിടെ, അന്‍സാരിയുടെ പരാമര്‍ശത്തിനെതിരെ ബിജെപി നേതാക്കളും മറ്റ് ചില സാമൂഹിക-മത നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.















