നാഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ മിക്‌സഡ് മാര്‍ഷല്‍ ആര്‍ട്‌സ് മെഡല്‍ സ്വന്തമാക്കി സുചിക തരിയാല്‍. വനിതകളുടെ ട്രഡീഷണല്‍ -60 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലമാണ് 36കാരിയായ ഇന്ത്യന്‍ താരം നേടിയത്. സെമിഫൈനലില്‍ സിംഗപ്പൂരിന്റെ ടിയോ ഹുയി ഹൂണിനോട് അധിക റൗണ്ടിലേക്ക് നീണ്ട പോരാട്ടത്തില്‍ 1-2ന് തോറ്റതോടെയാണ് സുചികയ്‌ക്ക് വെങ്കലത്തില്‍ ഒതുങ്ങേണ്ടിവന്നത്. കടുത്ത പോരാട്ടമായിരുന്നു സെമിഫൈനലില്‍ നടന്നത്. ആദ്യ റൗണ്ട് ടിയോ സ്വന്തമാക്കിയെങ്കിലും ശക്തമായി തിരിച്ചുവന്ന സുചിക പോരാട്ടം അധിക റൗണ്ടിലേക്ക് എത്തിച്ചു. നിര്‍ണായക റൗണ്ടിലും മികച്ച പോരാട്ടം നടത്തിയെങ്കിലും വിധി സിംഗപ്പൂര്‍ താരത്തിന് അനുകൂലമായി.
ഫലം പ്രഖ്യാപിക്കുന്നതിനായി ഇരുതാരങ്ങളെയും വിളിച്ചപ്പോള്‍ സുചിക ആദ്യം വേദിയിലേക്ക് എത്താന്‍ വിസമ്മതിച്ചു. പിന്നീട് പരിശീലകരുടെ നിര്‍ദേശത്തെ തുടര്‍ന്ന് വേദിയിലെത്തിയ താരം വിധി കേട്ടതിന് പിന്നാലെ കണ്ണീരോടെയാണ് മടങ്ങിയത്. എന്നാല്‍ സെമിഫൈനലിലെ തോല്‍വിയിലും സുചികയുടെ നേട്ടത്തിന് ചരിത്രപ്രാധാന്യമുണ്ട്. 2026 ഏഷ്യന്‍ ഗെയിംസിലാണ് എംഎംഎ ആദ്യമായി മത്സര ഇനമായി ഉള്‍പ്പെടുത്തിയത്. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ എംഎംഎയില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി സുചിക മാറി. ഞായറാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ മംഗോളിയയുടെ അല്‍താഞ്ചിമെഗ് ബൈഗല്‍മയെ 2-0ന് തോല്‍പ്പിച്ചാണ് സുചിക സെമിഫൈനലില്‍ പ്രവേശിച്ചത്. സെമിയിലെത്തിയതോടെ തന്നെ ഇന്ത്യയ്‌ക്ക് കുറഞ്ഞത് വെങ്കല മെഡല്‍ ഉറപ്പായിരുന്നു.















