ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ പള്ളിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത 23 പേരിൽ 12 പേർ പുതിയ തീവ്രവാദ സംഘടന രൂപീകരിക്കാൻ ശ്രമിച്ചിരുന്നതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ‘ഇത്തിഹാദുൽ ഉമ്മ’ (Ittehadul Ummah) എന്ന പേരിൽ സംഘടന രൂപീകരിച്ച് ബംഗ്ലാദേശിൽ ഖിലാഫത്ത് സ്ഥാപിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി സലാഹുദ്ദീൻ അഹമ്മദ് ആണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച തേജ്ഗാവ് കോളേജിലെ പള്ളിയിൽ നിന്നാണ് 23 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാർഥന കഴിഞ്ഞും ചിലർ പള്ളിയിൽ തുടരുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു. നിരോധിത തീവ്രവാദ സംഘടനയുമായി ബന്ധമുള്ളവർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തി ഇവിടെ യോഗം ചേരുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
വൈകിട്ട് അഞ്ചുമണിയോടെയാണ് പൊലീസ് സംഘമെത്തി സംശയാസ്പദമായ 23 പേരെ കസ്റ്റഡിയിലെടുത്തത്. 25 മുതൽ 30 വരെ പേർ പള്ളിയുടെ രണ്ടാം നിലയിൽ യോഗം ചേർന്നിരുന്നതായും, ഷിഹാബ് ഉദ്ദീൻ എന്നയാളാണ് യോഗത്തിന് നേതൃത്വം നൽകിയതെന്നുമാണ് പൊലീസിന് ലഭിച്ച വിവരമെന്ന് ബംഗ്ലാദേശ് ഔദ്യോഗിക വാർത്താ ഏജൻസിയായ BSS റിപ്പോർട്ട് ചെയ്തു.
തീവ്രവാദ പ്രവർത്തനങ്ങളോട് സർക്കാർ സീറോ ടോളറൻസ് നയം തുടരുമെന്ന് ആഭ്യന്തരമന്ത്രി സലാഹുദ്ദീൻ അഹമ്മദ് പറഞ്ഞു. കസ്റ്റഡിയിലുള്ളവരുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും സംബന്ധിച്ച് പൊലീസ് കൂടുതൽ ചോദ്യം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പള്ളിയിൽ 30 മുതൽ 40 വരെ പൊലീസുകാർ പങ്കെടുത്ത പരിശോധനയിലാണ് 23 പേരെ കസ്റ്റഡിയിലെടുത്തത്. സംഭവത്തെ തുടർന്ന് ബംഗ്ലാദേശിലെ തീവ്രവാദ ശൃംഖലകളെക്കുറിച്ചുള്ള ആശങ്കകളും ശക്തമായിട്ടുണ്ട്.















