ഉഡുപ്പി: കർണാടക ഉഡുപ്പി സ്വദേശി ഷാർജയിൽ ക്രൂരമായി കൊലപ്പെട്ടു. ജൂലൈയിൽ നടന്ന കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത് രണ്ട് മാസത്തോളം കഴിഞ്ഞാണ്. കൊല്ലപ്പെട്ടയാളുടെ മൃതദേഹം ഒൻപത് കഷണങ്ങളാക്കി രണ്ട് ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതായി സഹോദരൻ പറഞ്ഞു. സംഭവത്തിന് പിന്നാലെ ഇയാളുടെ ഭാര്യയെയും കൗമാരക്കാരനായ മകനെയും കാണാതായിരിക്കുകയാണ്.
കുന്ദാപുര സ്വദേശിയായ ആൽവിൻ പ്രകാശ് കുന്ദർ ആണ് കൊല്ലപ്പെട്ടത്. ഏകദേശം 14 വർഷമായി ഷാർജ വിമാനത്താവളത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ ടീന കുന്ദറിനും പത്താം ക്ലാസ് വിദ്യാർഥിയായ മകനുമൊപ്പമാണ് ഷാർജയിൽ താമസിച്ചിരുന്നത്. ഉഡുപ്പിയിലെ ഉദയവാർ സ്വദേശിനിയായ ടീന സ്കൂൾ അധ്യാപികയാണ്.
‘ഞാൻ സുഖമായിരിക്കുന്നു’; അസാധരണമായ വാട്സ്ആപ്പ് സന്ദേശം
ജൂലൈ 20ഓടെ സഹോദരനായ അനിൽ പ്രശാന്ത് കുന്ദർ പ്രകാശിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ഫോൺ എടുത്തില്ലെങ്കിലും ‘ഞാൻ സുഖമായിരിക്കുന്നു’ എന്ന സന്ദേശം പ്രകാശ് അയച്ചു. സാധാരണയായി വോയ്സ് മെസേജുകളിലൂടെയാണ് സഹോദരനുമായി ആശയവിനിമയം നടത്തിയിരുന്നതെന്നും അതിനാൽ സന്ദേശം സംശയകരമായി തോന്നിയെന്നും അനിൽ പറഞ്ഞു.
ഏകദേശം ഒരാഴ്ചയ്‌ക്ക് ശേഷവും പ്രകാശിനെ ബന്ധപ്പെടാനാകാതെ വന്നതോടെ ഷാർജയിൽ താമസിക്കുന്ന സഹപാഠി മനോഹറിനെ അനിൽ വിവരമറിയിച്ചു. തുടർന്ന് മനോഹർ പ്രകാശിന് കമ്പനി നൽകിയിരുന്ന താമസസ്ഥലത്തെത്തി അന്വേഷിച്ചു.
പ്രകാശ് ഇന്ത്യയിലേക്ക് പോയെന്നായിരുന്നു ആദ്യം സെക്യൂരിറ്റി ജീവനക്കാരൻ നൽകിയ വിവരം. എന്നാൽ പ്രകാശ് ഇന്ത്യയിലേക്ക് മടങ്ങിയിട്ടില്ലെന്ന് കുടുംബം കമ്പനിയെ അറിയിക്കുകയും അദ്ദേഹത്തെ കണ്ടെത്താൻ ആവശ്യപ്പെടുകയും ചെയ്തു.
ഒമാൻ റൂട്ടിൽ പാർക്ക് ചെയ്ത കാറിൽ മൃതദേഹം
തുടർന്ന് നടത്തിയ പരിശോധനയിൽ പ്രകാശിന്റെ പാസ്‌പോർട്ട് ഷാർജയിൽ തന്നെയുണ്ടെന്ന് കണ്ടെത്തി. ഇതോടെ കാണാതായതായി പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് ഒമാനിലേക്കുള്ള റൂട്ടിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഒൻപത് കഷണങ്ങളാക്കിയ നിലയിലായിരുന്നെന്നും രണ്ട് ബാഗുകളിലാക്കി സൂക്ഷിച്ചിരുന്നതായും സഹോദരൻ പറഞ്ഞു. പിന്നീട് ഇത് പ്രകാശിന്റേതാണെന്ന് തിരിച്ചറിഞ്ഞു.
കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച അന്വേഷണം തുടരുകയാണ്. പ്രതികളെക്കുറിച്ചോ കൊലപാതകത്തിന്റെ കൃത്യമായ കാരണത്തെക്കുറിച്ചോ ഷാർജ അധികൃതർ ഇതുവരെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഭാര്യയെയും മകനെയും കാണാനില്ല
പ്രകാശിന്റെ ഭാര്യ ടീനയുടെയും കൗമാരക്കാരനായ മകന്റെയും തിരോധാനവും കേസിൽ ദുരൂഹത വർധിപ്പിക്കുന്നുണ്ട്. ഇരുവരെയും പ്രകാശിന്റെ മരണത്തിന് പിന്നാലെ കാണാതായെന്നാണ് റിപ്പോർട്ടുകൾ.
ഇരുവരും ഷാർജയിൽ നിന്ന് ഇന്ത്യയിലേക്ക് പോയിരിക്കാമെന്ന തരത്തിലുള്ള റിപ്പോർട്ടുകളുണ്ടെങ്കിലും നിലവിൽ അവരുടെ സ്ഥാനം സ്ഥിരീകരിച്ചിട്ടില്ല. കൊലപാതകത്തിൽ ഭാര്യക്ക് പങ്കുണ്ടെന്ന തരത്തിലുള്ള സംശയങ്ങളും ചില റിപ്പോർട്ടുകളിൽ ഉയർന്നിട്ടുണ്ട്.
സംഭവത്തിൽ കൂടുതൽ വിവരങ്ങൾ തേടി കുടുംബം ഉഡുപ്പി ജില്ലാ പൊലീസ് മേധാവിയെ സന്ദർശിച്ച് പരാതി നൽകി. യുഎഇയിലെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബം.















