തിരുവല്ല: കൈയിലെ കൊഴുപ്പ് നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ 45കാരി മരിച്ചു. ചങ്ങനാശേരി മാടപ്പള്ളി വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പില്‍ വി.ജി. വിദ്യ (45) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കില്‍ നടത്തിയ ചികിത്സയില്‍ പിഴവുണ്ടായതാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ തിരുവല്ല പൊലീസില്‍ പരാതി നല്‍കി. സെപ്റ്റംബര്‍ 16നാണ് വിദ്യ കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനായി തിരുവല്ലയിലെ സ്വകാര്യ വെല്‍നസ് ക്ലിനിക്കില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയായത്. ശസ്ത്രക്രിയയ്‌ക്കിടെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യനില ഗുരുതരമായെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വെന്റിലേറ്ററില്‍ ചികിത്സ നല്‍കിയെങ്കിലും ചൊവ്വാഴ്ച രാത്രിയോടെ മരണം സംഭവിച്ചു.
അനസ്‌തേഷ്യയിലെ പിഴവും തുടര്‍ചികിത്സ നല്‍കുന്നതിലെ കാലതാമസവുമാണ് മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ തിരുവല്ല പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ചികിത്സയില്‍ പിഴവൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ക്ലിനിക് അധികൃതരുടെ വിശദീകരണം. ശസ്ത്രക്രിയയ്‌ക്കിടെ വിദ്യയ്‌ക്ക് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് അടിയന്തര ചികിത്സ നല്‍കിയെന്നും ക്ലിനിക് അധികൃതര്‍ വ്യക്തമാക്കി. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും അധികൃതര്‍ അറിയിച്ചു.
മാടപ്പള്ളിയില്‍ വ്യാപാരം നടത്തുന്ന എസ്. സന്തോഷാണ് വിദ്യയുടെ ഭര്‍ത്താവ്. സിദ്ധാര്‍ഥും സംഗീത് സന്തോഷുമാണ് മക്കള്‍. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. മരണത്തിന്റെ കൃത്യമായ കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y















