തിരുവനന്തപുരം: ആറയൂര്‍ അഭേദാശ്രമത്തില്‍ വിഷ്ണു സഹസ്രനാമകോടി അര്‍ച്ചനയ്‌ക്കും സദ്ഗുരു ദിവ്യശ്രീ അഭേദാനന്ദസ്വാമി തിരുവടികളുടെ 43-ാം മഹാസമാധി വാര്‍ഷികാചരണത്തിനും തുടക്കമായി. 43 ദിവസം നീണ്ടുനില്‍ക്കുന്ന വിഷ്ണു സഹസ്രനാമകോടി അര്‍ച്ചനയ്‌ക്കാണ് യജ്ഞശാലയില്‍ തിരിതെളിഞ്ഞത്. വിവിധ ക്ഷേത്രങ്ങളില്‍ നിന്നെത്തിച്ച ദീപങ്ങള്‍ ചെങ്കല്‍ മഹേശ്വരം ശിവപാര്‍വതി ക്ഷേത്രം മഠാധിപതി മഹേശ്വരാനന്ദ സ്വാമി, ആശ്രമം മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി, ആശ്രമം പ്രസിഡന്റ് ചൂഴാല്‍ ശ്രീകൃഷ്ണന്‍ പോറ്റി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് യജ്ഞശാലയില്‍ ദീപം പകര്‍ന്നുകൊണ്ടാണ് അര്‍ച്ചനയ്‌ക്ക് തുടക്കം കുറിച്ചത്.
ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരക് സേതുമാധവന്‍, ജനം ടിവി എംഡി ചെങ്കല്‍ രാജശേഖരന്‍ നായര്‍, സരസ്വതി ആശുപത്രി എംഡി ഡോ. അജയകുമാര്‍, ആശ്രമം ജനറല്‍ സെക്രട്ടറി റാംകുമാര്‍, ആശ്രമം സെക്രട്ടറി മണികണ്ഠന്‍ പ്രസാദ് തിരുമേനി, എം.വി. ഗോപന്‍, സുരേഷ് തമ്പി തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. നവംബര്‍ 3 വരെ നീണ്ടുനില്‍ക്കുന്ന രീതിയിലാണ് വിഷ്ണു സഹസ്രനാമകോടി അര്‍ച്ചന സംഘടിപ്പിച്ചിരിക്കുന്നത്. സദ്ഗുരു ദിവ്യശ്രീ അഭേദാനന്ദസ്വാമി തിരുവടികളുടെ 43-ാം മഹാസമാധി വാര്‍ഷികാചരണത്തിന്റെ ഭാഗമായി വിവിധ ആത്മീയ ചടങ്ങുകളും സംഘടിപ്പിക്കുന്നുണ്ട്.















