തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം തുടരുന്നതിനാല്‍ ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി. വൈകിട്ട് 6.45 മുതല്‍ രാത്രി 12.35 വരെയുള്ള സമയത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരിക. ഈ സമയത്ത് 600 മുതല്‍ 800 മെഗാവാട്ട് വരെ വൈദ്യുതി കുറവ് അനുഭവപ്പെടാനാണ് സാധ്യത. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. മുന്‍ വര്‍ഷങ്ങളിലെ സെപ്റ്റംബര്‍ മാസങ്ങളിലെ ആവശ്യകതയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ വൈദ്യുതി ആവശ്യകത ഏകദേശം 1200 മെഗാവാട്ട് വരെ ഉയര്‍ന്നിട്ടുണ്ട്.
സാങ്കേതിക കാരണങ്ങളാല്‍ ദീര്‍ഘകാല കരാര്‍ വഴി ലഭിക്കേണ്ട 270 മെഗാവാട്ട് വൈദ്യുതിയും ഇന്ന് ലഭ്യമല്ല. മധ്യപ്രദേശില്‍നിന്ന് സ്വാപ്പ് വ്യവസ്ഥയില്‍ ലഭിച്ചിരുന്ന 200 മെഗാവാട്ട് വൈദ്യുതിയും ലഭ്യമാകാത്ത സ്ഥിതിയാണ്. അതേസമയം, നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി ഗ്രഡികോയില്‍ നിന്ന് 50 മെഗാവാട്ട് അധിക വൈദ്യുതി ഇന്ന് ലഭ്യമാക്കാന്‍ കഴിഞ്ഞതായി കെഎസ്ഇബി അറിയിച്ചു. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയര്‍ന്നതോടെ പവര്‍ എക്‌സ്‌ചേഞ്ച് വഴി ലഭ്യമാകുന്ന വൈദ്യുതിയുടെ അളവിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്.
ദേശീയതലത്തില്‍ ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ അറിയിച്ച 12,000 മെഗാവാട്ടിന്റെ വൈദ്യുതി കുറവ് പൂര്‍ണമായി പരിഹരിക്കാത്ത സാഹചര്യവും തുടരുകയാണ്. രാജ്യത്തെ വൈദ്യുതി ആവശ്യകതയില്‍ 5,000 മെഗാവാട്ട് വരെ വര്‍ധനയുണ്ടാകാനും കാറ്റില്‍നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം 5,000 മെഗാവാട്ട് വരെ കുറയാനും സാധ്യതയുണ്ടെന്ന് ഗ്രിഡ് ഇന്ത്യ കഴിഞ്ഞ ദിവസങ്ങളില്‍ അറിയിച്ചിരുന്നു.
കൂടാതെ, കഴിഞ്ഞ ദിവസങ്ങളില്‍ പീക്ക് സമയങ്ങളില്‍ ഗ്രിഡ് ഫ്രീക്വന്‍സി ക്രമാതീതമായി കുറഞ്ഞതും വൈദ്യുതി വിതരണത്തെ ബാധിക്കുന്ന ഘടകമാണ്. ഉയര്‍ന്ന ഉപഭോഗവും വൈദ്യുതി ലഭ്യതയിലെ കുറവും തുടരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീണ്ടും ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുന്നത്.















