ഗാന്ധിനഗർ: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിനിടെ സൗഹൃദം പങ്കിട്ട് നടൻ മമ്മൂട്ടിയും യാമി ഗൗതമും ഭർത്താവ് ആദിത്യ ധറും. ഗുജറാത്തിലെ ഏകതാ നഗറിൽ നടന്ന പുരസ്കാര ചടങ്ങിനിടെയാണ് വിശേഷങ്ങൾ പങ്കുവെച്ച് ആശംസകൾ കൈമാറിയത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയത്. ‘ആർട്ടിക്കിൾ 370’ എന്ന ചിത്രത്തിലെ അഭിനയത്തിന് യാമി ഗൗതം മികച്ച നടിക്കുള്ള പുരസ്കാരവും സ്വീകരിച്ചു. ചിത്രത്തിന്റെ സംവിധായകനും നിർമാതാവുമായ ആദിത്യ ധർ മികച്ച ഫീച്ചർ ഫിലിം പുരസ്കാരവും ഏറ്റുവാങ്ങി.
പുരസ്കാര വേദിയിൽ മമ്മൂട്ടിയെ നേരിൽ കാണാനും പരിചയപ്പെടാനും സാധിച്ചതിലുള്ള സന്തോഷം യാമി ഗൗതമും ആദിത്യ ധറും പങ്കുവച്ചു. രാജ്യത്തെ മികച്ച അഭിനേതാക്കളിൽ ഒരാളായ മമ്മൂട്ടിയോടൊപ്പമുള്ള കൂടിക്കാഴ്ച ഏറെ സന്തോഷകരമായ അനുഭവമായിരുന്നുവെന്നാണ് ഇരുവരുടെയും പ്രതികരണം.
അതേസമയം, മലയാള സിനിമയിലും യാമി ഗൗതം അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായ ‘ഹീറോ’ എന്ന ചിത്രത്തിലൂടെയാണ് യാമി മലയാളത്തിൽ എത്തിയത്.















