തിരുവനന്തപുരം: സി.എം.ആർ.എൽ എംഡി ശശിധരൻ കർത്തയുടെ ഡയറിയിലെ നിർണായക പേജുകൾ പുറത്തുവിട്ട് ബിജെപി. എസ്.എഫ്.ഐ.ഒ കോടതിയിൽ സമർപ്പിച്ച രേഖകളുടെ ഭാഗമായ ഡയറിയിലെ വിവരങ്ങളാണ് സംസ്ഥാന ഉപാദ്ധ്യക്ഷൻ ഷോൺ ജോർജ് പുറത്തുവിട്ടത്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നിരവധി പ്രമുഖ രാഷ്‌ട്രീയ നേതാക്കളുടെ പേരുകൾ ഡയറിക്കുറിപ്പുകളിലുണ്ട്.
വിവിധ നേതാക്കൾക്ക് പണം നൽകിയതുമായി ബന്ധപ്പെട്ട രേഖകളാണ് ഡയറിയിലെ പേജിലുള്ളത്. വി.ഡി. സതീശൻ, പിണറായി വിജയൻ, എം.വി. ഗോവിന്ദൻ, പി. രാജീവ് തുടങ്ങിയ നേതാക്കളുടെ പേരുകൾക്കൊപ്പം തുകയും രേഖപ്പെടുത്തിയിട്ടുണ്ട്.
വി.ഡി. സതീശന്റെ പേരിന് നേരെ അഞ്ച് ലക്ഷം രൂപ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പി. രാജീവിന്റെ പേരിന് നേരെ മൂന്ന് ലക്ഷവും എം.വി. ഗോവിന്ദന്റെ പേരിന് അഞ്ച് ലക്ഷവും എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി.എസ്. അച്യുതാനന്ദൻ, കെ. മുരളീധരൻ, ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, ജി. സുധാകരൻ, എളമരം കരീം, ടി.എം. ജേക്കബ്, ഷിബു ബേബി ജോൺ, പന്ന്യൻ രവീന്ദ്രൻ, സി.കെ. ചന്ദ്രപ്പൻ, കെ. ചന്ദ്രൻപിള്ള തുടങ്ങിയവരുടെ പേരുകളും പട്ടികയിലുണ്ട്. പിണറായി വിജയന്റെ പേര് ഡയറിയിൽ ‘പി.വി.’ എന്ന ചുരുക്കെഴുത്തിലല്ല, ‘പിണറായി’ എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്.
മാസപ്പടി കേസിൽ പിണറായി വിജയനെതിരെ ഇഡി നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ വിജിലൻസ് കേസെടുക്കാത്തതിന് കാരണം ഇതോടെ വ്യക്തമാവുകയാണ്. വിജിലൻസ് അന്വേഷണം നടത്തിയാൽ ഇരുവരും ഒരു പോലെ അകത്ത് പോകേണ്ടിവരും എന്ന ഉറപ്പുള്ളത് കൊണ്ടാണ് തുടർ നടപടികൾക്ക് സർക്കാർ തയ്യാറാകാത്തതെന്ന് ഷോൺ ജോർജ് പറഞ്ഞു. മാത്രമല്ല പണം കൈപ്പറ്റിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എങ്ങനെ അന്വേഷണത്തിന് ഉത്തരവിടുമെന്നും ഷോൺ ജോർജ് ചോദിച്ചു.
എസ്.എഫ്.ഐ.ഒ അന്വേഷണത്തിലെ രേഖകൾ
സി.എം.ആർ.എല്ലിന്റെ കാര്യങ്ങളിൽ കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയം അന്വേഷണം ഏൽപ്പിച്ചതിനെ തുടർന്ന് എസ്.എഫ്.ഐ.ഒ അന്വേഷണം നടത്തിയിരുന്നു. 2024 ജനുവരി 31നാണ് സി.എം.ആർ.എല്ലിന്റെ കാര്യങ്ങൾ എസ്.എഫ്.ഐ.ഒയ്‌ക്ക് കൈമാറിയത്.















