നാഗോയ: മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ചില കര്‍ശന നിയമങ്ങള്‍ കാരണം മെഡലും അടുത്ത റൗണ്ട് പ്രവേശനവും നഷ്ടപ്പെടുന്ന സാഹചര്യങ്ങള്‍ കായികലോകത്ത് അപൂര്‍വമല്ല. ഇത്തവണ ഏഷ്യന്‍ ഗെയിംസില്‍ വിചിത്ര നിയമത്തിന്റെ പേരില്‍ ഇന്ത്യയ്‌ക്ക് നഷ്ടമായത് ഇ-ഫുട്‌ബോള്‍ ടീമിന്റെ മുന്നേറ്റമാണ്. മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് താരമായ സുചിക തരിയാലിന് സെമിഫൈനലിലെ സമനിലയ്‌ക്ക് ശേഷം 700 ഗ്രാം അധികഭാരം തിരിച്ചടിയായാണ് നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. സമാനമായി, ഇ-ഫുട്‌ബോളിലും എതിരാളിയുടെ വൈകിയെത്തലാണ് ഇന്ത്യയുടെ മുന്നോട്ടുള്ള യാത്ര അവസാനിപ്പിച്ചത്.
യോഗ്യതാ റൗണ്ടില്‍ ഇന്ത്യയും മംഗോളിയയും തമ്മിലുള്ള മത്സരത്തിനായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ മംഗോളിയന്‍ ടീമിന്റെ ലീഡര്‍ മൂന്ന് മിനിറ്റ് വൈകിയെത്തിയതോടെ മത്സരം നടക്കാതെ ഇന്ത്യക്ക് വാക്കോവര്‍ ലഭിച്ചു. ഇവിടെ തിരിച്ചടിയായത് വാക്കോവര്‍ നിയമമാണ്. മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ലഭിച്ചത് 0-0 എന്ന ഫലം ആയിരുന്നു. എന്നാല്‍ ഗ്രൂപ്പില്‍ മുന്നിലെത്താന്‍ ഇന്ത്യയ്‌ക്ക് മികച്ച ഗോള്‍ വ്യത്യാസത്തിലുള്ള വിജയം ആവശ്യമായിരുന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനുമെതിരെ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു.
രണ്ടാം മത്സരത്തില്‍ ഉസ്‌ബെക്കിസ്ഥാന്‍ മംഗോളിയക്കെതിരെ മികച്ച വിജയം നേടിയതോടെ ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ മാറി. മംഗോളിയക്കെതിരെ മികച്ച മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമേ അടുത്ത റൗണ്ടിലേക്ക് മുന്നേറാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ മത്സരം കളിക്കാതെ വാക്കോവര്‍ ലഭിച്ചതോടെ 0-0 എന്ന ഫലമാണ് ഇന്ത്യയുടെ അക്കൗണ്ടിലെത്തിയത്. ഇതോടെ ഉസ്‌ബെക്കിസ്ഥാന്‍ ഗ്രൂപ്പില്‍ നിന്ന് അടുത്ത റൗണ്ടിലേക്ക് മുന്നേറി. വാക്കോവര്‍ നല്‍കുന്നതിന് പകരം കളിക്കളത്തില്‍ നേരിട്ട് മത്സരം നടത്താന്‍ ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും സംഘാടകര്‍ ആവശ്യം അംഗീകരിച്ചില്ല.
തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ ജഡ്ജിങ് പാനലിനെ സമീപിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇതിനായി ഏകദേശം 47,000 രൂപ ഫീസ് അടയ്‌ക്കണമെന്നും ആവശ്യപ്പെട്ടു. തുക അടച്ച് അപ്പീലുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് ഇന്ത്യന്‍ ടീം പിന്നീട് തീരുമാനിച്ചു. ഡാനിയല്‍ പട്ടേലും ചിന്മയ് സഹോയും ഏറെ പ്രതീക്ഷകളോടെയാണ് ഇ-ഫുട്‌ബോള്‍ മത്സരത്തിനായി ജപ്പാനിലെത്തിയത്. ഈ വര്‍ഷം ആദ്യം നടന്ന ഫിഫ ഇ-കോണ്ടിനെന്റല്‍ ചാമ്പ്യന്‍ഷിപ്പിന്റെ മൊബൈല്‍ വിഭാഗത്തില്‍ കിരീടം നേടിയ താരമാണ് ഡാനിയല്‍ പട്ടേല്‍. നിലവില്‍ ഇ-ഫുട്‌ബോള്‍ ഏഷ്യന്‍ ചാമ്പ്യനായാണ് അദ്ദേഹം ഏഷ്യന്‍ ഗെയിംസിനെത്തിയത്.















