കോഴിക്കോട്: പേർഷ്യൻ പൂച്ചയെ കാണിച്ചുതരാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 56കാരന് മൂന്ന് വർഷം കഠിനതടവ്. കോഴിക്കോട് മുതുകാട് സ്വദേശി തോണക്കര സെബാസ്റ്റ്യൻ എന്ന ഷിജുവിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. മൂന്ന് വർഷത്തെ കഠിനതടവിന് പുറമെ 10,000 രൂപ പിഴയും കോടതി വിധിച്ചു. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദേവൻ കെ. മേനോനാണ് ശിക്ഷ വിധിച്ചത്.
2025 ഫെബ്രുവരി 15നായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് പ്രതി അവിടെയെത്തിയത്. പേർഷ്യൻ പൂച്ചയെ കാണിച്ചുതരാമെന്ന് പറഞ്ഞ് കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെവച്ച് ലൈംഗികാതിക്രമം നടന്നതെന്നാണ് കേസ്. പെരുവണ്ണാമൂഴി പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.
കേസിൽ 11 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ ഹാജരാക്കുകയും ചെയ്തു. അന്നത്തെ ഇൻസ്പെക്ടർ എം. മനോജിന്റെയും എസ്.ഐ ജിതിൻ വാസിന്റെയും നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.















