ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടും ഒത്തുകളി ആരോപണം. മുന്‍ ഡല്‍ഹി, ഹരിയാന രഞ്ജി ട്രോഫി താരം രചിത് ഭാട്ടിയ 2025ലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ രഹസ്യ വിവരങ്ങള്‍ ബെറ്റര്‍മാര്‍ക്ക് കൈമാറിയെന്നും അഞ്ച് മത്സരങ്ങള്‍ ഫിക്സ് ചെയ്തെന്നും അവകാശപ്പെട്ടതായി ടെഹല്ക്കായുടെ സ്റ്റിംഗ് ഓപ്പറേഷന് റിപ്പോര്‍ട്ട്. ലണ്ടന്‍ ആസ്ഥാനമായ ബെറ്റര്‍മാര്‍ക്ക് സ്നാപ്ചാറ്റ് വഴി വിവരങ്ങള്‍ കൈമാറിയെന്നും ഓരോ മത്സരത്തിനും 60 ലക്ഷം രൂപ വീതം ലഭിച്ചെന്നും ആകെ മൂന്ന് കോടി രൂപ നേടിയെന്നും ഭാട്ടിയ സ്റ്റിംഗ് ഓപ്പറേഷനില്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.
സിഎസ്കെയിലെ ഒരു താരത്തില്‍ നിന്നാണ് മത്സരത്തിന് മുമ്പ് പ്ലേയിങ് ഇലവന് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതെന്നാണ് ഭാട്ടിയയുടെ അവകാശവാദം. ഔദ്യോഗികമായി പ്ലേയിങ് ഇലവന് പ്രഖ്യാപിക്കുന്നതിന് മുമ്പ് ലഭിച്ച വിവരങ്ങള്‍ ബെറ്റര്‍മാര്‍ക്ക് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ആരോപണവിധേയനായ സിഎസ്കെ താരത്തിന്റെ പേര് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടില്ല. 2025 ഐപിഎല്ലിലെ അഞ്ച് മത്സരങ്ങളുമായി ബന്ധപ്പെട്ടാണ് തനിക്ക് വിവരങ്ങള്‍ ലഭിച്ചതെന്നും ഓരോ മത്സരത്തിനും 60 ലക്ഷം രൂപ വീതം ലഭിച്ചെന്നുമാണ് ഭാട്ടിയ പറഞ്ഞതായി റിപ്പോര്‍ട്ട്.
2018-19 സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും സ്പോട്ട് ഫിക്സിംഗില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് ഭാട്ടിയ പറഞ്ഞതായി ടെഹല്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് മത്സരങ്ങളില്‍ മനഃപൂര്‍വം ഓരോ വൈഡ് വീതം എറിഞ്ഞെന്നും ഓരോ വൈഡിനും എട്ട് ലക്ഷം രൂപ വീതം ലഭിച്ചെന്നും ആകെ 16 ലക്ഷം രൂപ നേടിയെന്നും അദ്ദേഹം അവകാശപ്പെട്ടതായി റിപ്പോര്‍ട്ടിലുണ്ട്. ഐപിഎല്‍ 2026ലും ഡല്‍ഹി പ്രീമിയര്‍ ലീഗിലും പ്ലേയിങ് ഇലവന് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതിനും സ്പോട്ട് ഫിക്സിംഗിനുമായി നിരക്കുകള്‍ ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടിലുണ്ട്. ഐപിഎല്ലില്‍ പ്ലേയിങ് ഇലവന് വിവരങ്ങള്‍ക്ക് 60 ലക്ഷം രൂപയും സ്പോട്ട് ഫിക്സിംഗിന് ഒരു കോടി രൂപയുമാണ് ഭാട്ടിയ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നത്.















