നാഗോയ: ഏഷ്യന്‍ ഗെയിംസില്‍ ചരിത്ര വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ 28 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടതിന് പിന്നാലെ ഒരു ആഗ്രഹം കൂടി തുറന്നുപറഞ്ഞ് ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവ് മീരാബായി ചാനു. തനിക്ക് ഏറെക്കാലമായി സ്വപ്‌നമായ അര്‍ജുന പുരസ്‌കാരം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഭാരോദ്വഹന താരം. വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തില്‍ 198 കിലോഗ്രാം ഉയര്‍ത്തിയാണ് മീരാബായി നാഗോയയില്‍ വെള്ളി നേടിയത്. സ്‌നാച്ചില്‍ 87 കിലോഗ്രാമും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 111 കിലോഗ്രാമുമായിരുന്നു താരത്തിന്റെ പ്രകടനം.
ചരിത്ര മെഡല്‍ നേടിയതിന് പിന്നാലെയാണ് തന്റെ വര്‍ഷങ്ങളായുള്ള ആഗ്രഹം മീരാബായി തുറന്നുപറഞ്ഞത്. ‘സര്‍ക്കാര്‍ എനിക്ക് അര്‍ജുന പുരസ്‌കാരം നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു. അത് ലഭിച്ചാല്‍ ഞാന്‍ ഏറെ സന്തോഷിക്കും. എനിക്ക് അര്‍ജുന പുരസ്‌കാരമില്ല. അത് വേണം,” എന്നാണ് മീരാബായി മാധ്യമങ്ങളോട് പറഞ്ഞത്. തന്റെ നേട്ടങ്ങള്‍ പരിഗണിച്ച് പുരസ്‌കാരം നല്‍കണമെന്നായിരുന്നു താരത്തിന്റെ അഭ്യര്‍ഥന. നിലവില്‍ ഖേല്‍ രത്‌നയും പത്മശ്രീയും മീരാബായി ചാനുവിന് ലഭിച്ചിട്ടുണ്ട്. 2018ലാണ് ഈ രണ്ട് ബഹുമതികളും താരത്തിന് ലഭിച്ചത്.
മീരാബായിയുടെ ആവശ്യം ഇന്ത്യന്‍ വെയ്റ്റ്ലിഫ്റ്റിംഗ് ഫെഡറേഷന്‍ പ്രസിഡന്റ് കൂടിയായ ഷെഫ് ഡി മിഷന്‍ സഹദേവ് യാദവും പിന്തുണച്ചു. വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മീരാബായിക്ക് ഖേല്‍ രത്‌നയും പത്മശ്രീയും ലഭിച്ചിട്ടുണ്ടെങ്കിലും അര്‍ജുന പുരസ്‌കാരം ലഭിക്കണമെന്നത് താരത്തിന്റെ ദീര്‍ഘകാല സ്വപ്‌നമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മീരാബായിയുടെ വെള്ളിയോടെ ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ 28 വര്‍ഷത്തെ മെഡല്‍ വരള്‍ച്ചയ്‌ക്കാണ് വിരാമമായത്. 1998ലെ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ കര്‍ണം മല്ലേശ്വരി വെള്ളി നേടിയതിന് ശേഷം ഈ ഇനത്തില്‍ ഇന്ത്യയ്‌ക്ക് മെഡല്‍ ലഭിച്ചിരുന്നില്ല. ഒളിമ്പിക്‌സ്, ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയിലെ മെഡലുകള്‍ സ്വന്തമാക്കുന്ന അപൂര്‍വ നേട്ടവും ഇതോടെ മീരാബായി പൂര്‍ത്തിയാക്കി.















