കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീർത്തനയ്ക്ക് വെട്ടേറ്റു. ഭർത്താവ് വിനീഷാണ് ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. ജാമ്യവ്യവസ്ഥയുടെ ഭാഗമായി പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോഴാണ് സ്റ്റേഷന് സമീപം ആക്രമണം ഉണ്ടായത്.
വെട്ടേറ്റ കീർത്തനയെ ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിന് പിന്നാലെ ഭർത്താവ് വിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വടകര എംഡിഎംഎ കേസിൽ ഹൈക്കോടതിയാണ് കീർത്തനയ്‌ക്ക് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതൽ 11 വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചിരുന്നു. സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവുകളിൽ ഇടപെടരുതെന്നും കേരളം വിട്ടുപോകരുതെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.
ബിആർസിയിലെ അധ്യാപികമാർ ഉൾപ്പെട്ട കേസ് ഏറെ ഞെട്ടലോടെയാണ് കേരളം കേട്ടത്. കീർത്തന ഉൾപ്പെടെ അഞ്ച് പേരെയാണ് ഇതുവരെ കേസിൽ അറസ്റ്റ് ചെയ്തിരുന്നത്. എംഡിഎംഎ ഇടപാടുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കീർത്തനയുടെ അക്കൗണ്ടിലൂടെയും നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസിലെ പ്രധാന കണ്ണിയായ വയനാട് സ്വദേശി ഷിന്റോയെ ഇതുവരെ പിടികൂടാനായിട്ടില്ല.















