തിരുവള്ളൂർ: തമിഴ്നാട്ടിലെ സർക്കാർ സ്കൂളിലെ പ്രഭാതഭക്ഷണത്തിൽ പല്ലിയെ കണ്ടെത്തിയതിന് പിന്നാലെ 38 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. തിരുവള്ളൂർ ജില്ലയിലെ കൊട്ടയൂർ പഞ്ചായത്തിലെ മിഡിൽ സ്കൂളിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ ഭക്ഷണം കഴിച്ച വിദ്യാർഥികൾക്ക് തലകറക്കവും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായാണ് കുട്ടികൾക്ക് ഭക്ഷണം നൽകിയത്. സ്കൂളിൽ ഒന്നുമുതൽ എട്ടാം ക്ലാസ് വരെ 54 വിദ്യാർഥികളാണ് പഠിക്കുന്നത്. ഇതിൽ 40 പേർ പ്രഭാതഭക്ഷണമായ റവ കിച്ചടി കഴിച്ചതായാണ് റിപ്പോർട്ട്.
സംഭവത്തിന് പിന്നാലെ തിരുവള്ളൂർ ജില്ലാ കളക്ടർ എസ്. കവിത രണ്ട് പാചകക്കാരെയും ജോലിയിൽ നിന്ന് മാറ്റി. സ്കൂൾ പ്രധാനാധ്യാപകൻ, അധ്യാപകൻ, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ എന്നിവർക്കെതിരെയും അച്ചടക്ക നടപടി സ്വീകരിക്കാൻ നിർദേശം നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്കൂളിലെ അടുക്കള വൃത്തി ഹീനമായ ഒരു ഷെഡിലാണ് പ്രവർത്തിച്ചിരുന്നത്. ഇവിടെനിന്നാണ് പല്ലി ഭക്ഷണത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. അടുക്കളയും പരിസരവും പൂർണമായി വൃത്തിയാക്കാനും കീടങ്ങളെ നീക്കം ചെയ്യാനും കെട്ടിടം പെയിന്റ് ചെയ്യാനും അധികൃതർ നിർദേശം നൽകി. ഭക്ഷണം സൂക്ഷിച്ചിരുന്ന പാത്രങ്ങൾ ശരിയായി മൂടാതിരുന്നതാണ് സംഭവത്തിന് കാരണമായതെന്ന് ജില്ലാ കളക്ടർ പ്രാഥമികമായി ചൂണ്ടിക്കാട്ടിയതായി റിപ്പോർട്ടുകളുണ്ട്.
സമാന സംഭവങ്ങൾ മുൻപും തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ കോയമ്പത്തൂരിലെ കവുണ്ടംപാളയം കോർപ്പറേഷൻ മിഡിൽ സ്കൂളിൽ ഉച്ചഭക്ഷണത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയതിന് പിന്നാലെ 44 വിദ്യാർഥികൾക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
അതുപോലെ കഴിഞ്ഞ ഓഗസ്റ്റിൽ ചെന്നൈയ്‌ക്കു സമീപം പൂനമല്ലിയിലെ സർക്കാർ എയ്ഡഡ് മിഡിൽ സ്കൂളിലും പ്രഭാതഭക്ഷണത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയതിനെ തുടർന്ന് ഒമ്പത് വിദ്യാർഥികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു.
സംഭവങ്ങൾ ഭക്ഷണത്തിന്റെ ഗുണനിലവാര പരിശോധന, അടുക്കളകളുടെ ശുചിത്വം, ഭക്ഷണം പാകം ചെയ്ത ശേഷമുള്ള സുരക്ഷിത സംഭരണം എന്നിവ സംബന്ധിച്ച് വീണ്ടും ചോദ്യങ്ങൾ ഉയർത്തുകയാണ്.















