മാഡ്രിഡ്: സ്പെയിനിലെ ലെയ്ഡ നഗരത്തിൽ പൊതുസ്ഥലങ്ങളിൽ മുഖം പൂർണമായി മറയ്‌ക്കുന്ന വസ്ത്രങ്ങൾക്ക് വിലക്ക്. ബുർഖ, നിഖാബ് ഉൾപ്പെടെയുള്ള മുഖാവരണങ്ങൾക്കാണ് പുതിയ നഗരസഭാ ചട്ടത്തിലൂടെ നിയന്ത്രണം ഏർപ്പെടുത്തിയത്. നിയമം ലംഘിക്കുന്നവർക്ക് 400 മുതൽ 750 യൂറോ വരെ പിഴ ചുമത്തും. ആരാധനാലയങ്ങൾ, സാമൂഹികമായി മുഖം മറയ്‌ക്കുന്ന ഇടങ്ങൾ, ആശുപത്രികൾ എന്നിവയ്‌ക്ക് ചട്ടത്തിൽ ഇളവുണ്ട്.
ലെയ്ഡയിൽ ഇതാദ്യമായല്ല ബുർഖയ്‌ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്. 2010-ലും നഗരസഭ സമാനമായ നിരോധനം കൊണ്ടുവന്നിരുന്നു. എന്നാൽ മുസ്ലിം സംഘടനയുടെ നിയമപോരാട്ടത്തെ തുടർന്ന് 2013-ൽ സ്പാനിഷ് സുപ്രീം കോടതി നഗരസഭാ ഉത്തരവ് റദ്ദാക്കി.
അടിസ്ഥാന അവകാശമായ മതസ്വാതന്ത്ര്യത്തെ നിയന്ത്രിക്കാൻ നഗരസഭയ്‌ക്ക് മതിയായ നിയമാധികാരമില്ലെന്നായിരുന്നു അന്നത്തെ സുപ്രീം കോടതി വിധിയുടെ പ്രധാന നിലപാട്. ഇത്തവണ നിയമപരമായ വെല്ലുവിളികൾ ഒഴിവാക്കുന്ന രീതിയിലാണ് പുതിയ ചട്ടം തയ്യാറാക്കിയിരിക്കുന്നതെന്ന് നഗരസഭ വ്യക്തമാക്കുന്നു.















