കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ വിമാനം തകർന്നുവീണ് രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ 14 പേർ മരിച്ചു. വെള്ളിയാഴ്ച ക്വാംഗോ പ്രവിശ്യയിലെ കെംഗെയിലാണ് അപകടം. കോംഗോ സൈനിക വക്താവ് മേജർ ജനറൽ എഫോമി എകെൻഗെയാണ് മരണവിവരം സ്ഥിരീകരിച്ചത്.
മരിച്ചവരിൽ ലെഫ്റ്റനന്റ് ജനറൽ മുത്തോംബോ കറ്റാലായി ടിയെൻഡെ, സൈനിക കോടതിയുടെ മേധാവി, ലെഫ്റ്റനന്റ് ജനറൽ ബകുമി ലികുലിയ, സായുധസേനയുടെ ഓഡിറ്റർ ജനറൽ എന്നിവരും ഉൾപ്പെടുന്നു.
തെക്കുപടിഞ്ഞാറൻ നഗരമായ കിക്വിറ്റിൽ നിന്ന് തലസ്ഥാനമായ കിൻഷാസയിലേക്ക് മടങ്ങുകയായിരുന്നു വിമാനം. യാത്രയ്‌ക്കിടെ സാങ്കേതിക തകരാർ ഉണ്ടായതിനെ തുടർന്ന് അടിയന്തരമായി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ തകർന്നുവീണെന്നാണ് പ്രാഥമിക വിവരം. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്നാണ് അധികൃതർ അറിയിച്ചത്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















