ലക്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിലെ കാണിക്ക മോഷണവുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ പുറത്ത്. കാണിക്ക എണ്ണുന്നതിനിടെയാണ് പ്രതികൾ പണം മോഷ്ടിച്ചതെന്ന് സുപ്രീം കോടതി നിർദേശപ്രകാരം അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തി. കേസിൽ സമർപ്പിച്ച ഏകദേശം 70,000 പേജുള്ള കുറ്റപത്രത്തിലാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ.
കാണിക്കപ്പണം എണ്ണുന്ന കേന്ദ്രത്തിൽ നിന്ന് പണം മോഷ്ടിക്കുന്ന 105 സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയതായി SIT വ്യക്തമാക്കി. ഡിജിറ്റൽ തെളിവുകൾ, സാക്ഷിമൊഴികൾ, ബാങ്ക് രേഖകൾ, ഫോറൻസിക് ഓഡിറ്റ് എന്നിവ പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘം ഈ നിഗമനത്തിലെത്തിയത്.
കേസിൽ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള അനുകൽപ് മിശ്ര, അവിനാഷ് ശുക്ല എന്ന ഷാനി, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡേ, രാമശങ്കർ മിശ്ര, രാം ശങ്കർ യാദവ് എന്ന ടിന്നു, സുഭാഷ് ശ്രീവാസ്തവ എന്നിവരെയാണ് കുറ്റപത്രത്തിൽ പ്രതികളാക്കിയിരിക്കുന്നത്.
മുൻ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റി അനിൽ മിശ്ര, നിർമാണ ചുമതലയുണ്ടായിരുന്ന ഗോപാൽ റാവു എന്നിവരെ കേസിൽ പ്രോസിക്യൂഷൻ സാക്ഷികളായും ഉൾപ്പെടുത്തിയിട്ടുണ്ട്. കാണിക്കപ്പണിയുടെ കൈകാര്യം ചെയ്യലിൽ ക്രമക്കേട് നടന്നെന്ന പ്രാഥമിക SIT അന്വേഷണത്തിന് പിന്നാലെ ട്രസ്റ്റ് അംഗം കൃഷ്ണ മോഹന്റെ പരാതിയിലാണ് ജൂൺ 25ന് കേസ് രജിസ്റ്റർ ചെയ്തത്.
പ്രതികളുമായി ബന്ധപ്പെട്ട മൊബൈൽ ഫോണുകളിൽ നിന്ന് 3,000-ത്തിലധികം ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ അന്വേഷണസംഘം വീണ്ടെടുത്തു. പണം ഒളിപ്പിക്കൽ, വാഹനങ്ങളിൽ കൊണ്ടുപോകൽ, പങ്കുവെക്കൽ തുടങ്ങിയ കാര്യങ്ങളാണ് സന്ദേശങ്ങളിലുണ്ടായിരുന്നത്.
പ്രതികളുമായും അവരുടെ ബന്ധുക്കളുമായും ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ, സ്വത്തുക്കൾ, വാഹനങ്ങൾ എന്നിവയും അന്വേഷണ സംഘം പരിശോധിച്ചു. കേസുമായി ബന്ധപ്പെട്ട 79.85 ലക്ഷം രൂപ ഏഴ് പ്രതികളിൽനിന്നായി പോലീസ് പിടിച്ചെടുത്തതായി കുറ്റപത്രത്തിൽ പറയുന്നു. സുഭാഷ് ശ്രീവാസ്തവയിൽനിന്ന് ഇതുമായി ബന്ധപ്പെട്ട പണം കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
അവിനാഷ് ശുക്ല 85 തവണയും, അനുകൽപ് മിശ്ര 56 തവണയും, കരുണേഷ് പാണ്ഡേ 68 തവണയും, ലവ്കുഷ് മിശ്ര 52 തവണയും കാണിക്കപ്പണം മോഷ്ടിച്ചിട്ടുണ്ടെെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. അനുകൽപ് മിശ്രയെ മുഖ്യ ഗൂഢാലോചനക്കാരൻ എന്നാണ് പോലീസ് വിശേഷിപ്പിച്ചത്.















