ന്യൂഡല്‍ഹി: ഐസിസി വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ സ്പിന്നര്‍ ശ്രീ ചരാണി. ഏറ്റവും പുതിയ റാങ്കിങ് പട്ടികയില്‍ 817 റേറ്റിങ് പോയിന്റുമായി ലോക ഒന്നാം നമ്പര്‍ ബൗളറായി ശ്രീ ചരാണി സ്ഥാനം കൂടുതല്‍ ശക്തമാക്കി. വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയിന്റാണിത്. 2018 നവംബറില്‍ ഓസ്ട്രേലിയന്‍ പേസര്‍ മേഗന് ഷട്ട് നേടിയ 806 റേറ്റിങ് പോയിന്റിന്റെ റെക്കോര്‍ഡാണ് ശ്രീ ചരാണി മറികടന്നത്. നേരത്തെ 799 പോയിന്റായിരുന്നു താരത്തിന്റെ റേറ്റിങ്.
ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരെ 2/13 എന്ന മികച്ച ബൗളിങ് പ്രകടനം നടത്തിയതോടെയാണ് ശ്രീ ചരാണിയുടെ റേറ്റിങ് പോയിന്റില്‍ വര്‍ധനയുണ്ടായത്. മത്സരത്തില്‍ ഇന്ത്യ 147 റണ്‍സിന് വിജയിച്ച് കിരീടം നിലനിര്‍ത്തിയിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റുമായി ടൂര്‍ണമെന്റിലെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരവും ശ്രീ ചരാണിയായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാനെതിരെ 4/10, സെമിയില്‍ ബംഗ്ലാദേശിനെതിരെ 2/7, ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരെ 2/13 എന്നിങ്ങനെയായിരുന്നു പ്രകടനം.
ഐസിസി വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ മറ്റൊരു ഇന്ത്യന്‍ സ്പിന്നര്‍ ദീപ്തി ശര്‍മ്മ രണ്ടാം സ്ഥാനത്ത് തുടരുന്നു. ശ്രീ ചരാണിയേക്കാള് 63 പോയിന്റ് പിന്നിലാണ് ദീപ്തി. അതേസമയം, വനിതാ ടി20 ബാറ്റിങ് റാങ്കിങ്ങില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന ഒരു സ്ഥാനം മെച്ചപ്പെടുത്തി ആദ്യ അഞ്ചില്‍ തിരിച്ചെത്തി. ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരെ 46 പന്തില്‍ 79 റണ്‍സാണ് മന്ദാന നേടിയത്. ഏഴ് സിക്സും അഞ്ച് ഫോറും ഉള്‍പ്പെട്ടതായിരുന്നു ഇന്നിങ്സ്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ഷഫാലി വര്‍മ്മയ്ക്കൊപ്പം 99 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടും മന്ദാന പടുത്തുയര്‍ത്തി. ഫൈനലില്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്തപ്പോള്‍ ശ്രീലങ്ക 69 റണ്‍സിന് പുറത്തായി. ഏഷ്യന്‍ ഗെയിംസില്‍ മന്ദാന 116 റണ്‍സാണ് നേടിയത്. മൂന്ന് ഇന്നിങ്സുകളില്‍ നിന്ന് 188 റണ്‍സെടുത്ത ഷഫാലി വര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.















