ചെന്നൈ: ബോളിവുഡിന്റെ തിളക്കമാർന്ന ലോകത്തുനിന്ന് ഏറെ അകന്ന്, തമിഴ്‌നാട്ടിലെ ഗ്രാമത്തിൽ 15 വർഷത്തിലേറെയായി കഴിയുകയാണ് നടി കത്രീന കൈഫിന്റെ അമ്മ സുസെയ്ൻ ടർക്കോട്ട്. ലണ്ടനിൽ നിന്ന് 2008-ലാണ് സുസെയ്ൻ തമിഴ്‌നാട്ടിലെത്തിയത്. മധുരയിലെ ഉസിലംപട്ടി മേഖലയിലെ ഗ്രാമങ്ങളിൽ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി പ്രവർത്തിക്കുന്ന റിലീഫ് പ്രോജക്ട്സ് ഇന്ത്യ (RPI) എന്ന സന്നദ്ധ സംഘടനയ്‌ക്ക് തുടക്കമിട്ടതും സുസെയ്‌നാണ്.
അമ്മയുടെ ജീവിതത്തെക്കുറിച്ച് കത്രീന തന്നെയാണ് തുറന്നുപറഞ്ഞിട്ടുള്ളത്. ഗ്രാമത്തിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും എല്ലായ്പ്പോഴും ലഭ്യമല്ലെന്നാണ് കത്രീന പറയുന്നത്. വൈദ്യുതി മണിക്കൂറുകളോളം ലഭിക്കാത്ത ദിവസങ്ങളുണ്ട്. ഇന്റർനെറ്റ് കണക്ഷനും പലപ്പോഴും തടസപ്പെടും. അതിനാൽ അമ്മയുമായി വീഡിയോ കോൾ ചെയ്യുന്നതുപോലും ബുദ്ധിമുട്ടാകാറുണ്ടെന്നും കത്രീന പറഞ്ഞിട്ടുണ്ട്.
“അത് വളരെ ബുദ്ധിമുട്ടേറിയ ജീവിതമാണ്. പക്ഷേ ആളുകളെ സഹായിക്കുന്നത് അമ്മയ്‌ക്ക് ഇഷ്ടമാണ്,” അമ്മയുടെ ഗ്രാമജീവിതത്തെക്കുറിച്ച് കത്രീന പറഞ്ഞതായി എബിപി ന്യൂസ് റിപ്പോർട്ട് ചെയ്തു.
2008-ൽ തമിഴ്‌നാട്ടിലെത്തിയ സുസെയ്ൻ ആരംഭിച്ച റിലീഫ് പ്രോജക്ട്സ് ഇന്ത്യ ഉസിലംപട്ടി താലൂക്കിലെ ഗ്രാമങ്ങളിലാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കുകയായിരുന്നു സംഘടനയുടെ പ്രധാന ലക്ഷ്യം.
സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കായി സൗജന്യ ട്യൂഷൻ കേന്ദ്രങ്ങളിലൂടെയാണ് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നത് തടയുന്നതിനും കൂടുതൽ ശ്രദ്ധ നൽകി. സംഘടനയുടെ 25 ഗ്രാമങ്ങളിലായി 14,000-ത്തിലധികം ആളുകളിലേക്ക് പ്രവർത്തനം വ്യാപിച്ചിട്ടുണ്ട്.
സ്കൂളിനും തുടക്കം കുറിച്ചു
2015-ൽ മൗണ്ടൻ വ്യൂ സ്കൂൾ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിനും സുസെയ്ൻ സഹസ്ഥാപകയായി. ഉസിലംപട്ടിക്ക് ചുറ്റുമുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഗ്രാമീണ കർഷക കുടുംബങ്ങളിലെ കുട്ടികൾക്ക് ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം നൽകുകയാണ് സ്കൂളിന്റെ ലക്ഷ്യം.
30-ൽ താഴെ കുട്ടികളുമായി നഴ്സറിയായാണ് സ്കൂൾ ആരംഭിച്ചത്. 2016-ൽ 54 കുട്ടികളുണ്ടായിരുന്ന സ്കൂളിൽ 2025-26 അധ്യയന വർഷത്തിൽ 305 വിദ്യാർഥികളാണ് പഠിക്കുന്നത്. നിലവിൽ എൽ.കെ.ജി മുതൽ അഞ്ചാം ക്ലാസ് വരെയാണ് ക്ലാസുകൾ. സ്കൂളിന്റെ സഹസ്ഥാപകയും വിദ്യാഭ്യാസ ഉപദേഷ്ടാവും അഡ്വൈസറി ബോർഡ് അംഗവുമാണ് സുസെയ്ൻ ടർക്കോട്ട്.
“എന്റെ നേട്ടങ്ങൾക്ക് പിന്നിൽ അമ്മയുടെ പ്രവർത്തനം”
അമ്മയുടെ സാമൂഹിക പ്രവർത്തനങ്ങൾ തന്റെ ജീവിതത്തെയും സ്വാധീനിച്ചിട്ടുണ്ടെന്ന് കത്രീന നേരത്തെയും പറഞ്ഞിട്ടുണ്ട്. 2014-ൽ ഫിതൂർ സിനിമയുടെ പ്രചാരണത്തിനിടെ കത്രീന പറഞ്ഞത്, “എന്റെ അമ്മ മധുരയിലാണ് താമസിക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി അവർ നടത്തുന്ന പ്രവർത്തനങ്ങളാണ് എന്റെ ജീവിതത്തിലെ നേട്ടങ്ങൾക്ക് പിന്നിൽ. അവർക്ക് ലഭിച്ച അനുഗ്രഹങ്ങളാണ് എനിക്ക് ലഭിച്ചതും,” എന്നായിരുന്നു. ആധുനിക സൗകര്യങ്ങളുടെ പരിമിതികൾ ഉണ്ടെങ്കിലും, മറ്റുള്ളവരെ സഹായിക്കുന്നതിലുള്ള സന്തോഷമാണ് അമ്മയെ അവിടെ തുടരാൻ പ്രേരിപ്പിക്കുന്നതെന്നും കത്രീന വ്യക്തമാക്കിയിട്ടുണ്ട്.















