പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കുട്ടികളുടെ അമ്മ നിവേദ്യയാണ് ഇരുവരെയും കൊലപ്പെടുത്തിയത്. ചോദ്യം ചെയ്യലിനിടെ നിവേദ്യ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.
പഴണിയാർപാളയം കള്ളയാർപാളയം മണൽക്കാട്ട് ജോൺകുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരാണ് മരിച്ചത്. മേനോൻപാറയിലെ വാടകവീട്ടിൽ ചൊവ്വാഴ്ച രാവിലെ 10.30ഓടെയാണ് കുട്ടികളെ വെള്ളത്തൊട്ടിയിൽ കണ്ടെത്തിയത്.
ഭാവിജീവിതത്തിന് കുട്ടികൾ തടസമാകുമെന്ന തോന്നലാണ് നിവേദ്യയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. കുളിക്കുന്നതിനിടെ മൂത്ത കുട്ടിയെ വെള്ളത്തിൽ മുക്കിയശേഷം ഇളയ കുട്ടിയെയും സമാനമായ രീതിയിൽ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
സംഭവം നടക്കുമ്പോൾ കുട്ടികളുടെ പിതാവ് ജോൺകുമാർ വീട്ടിലുണ്ടായിരുന്നില്ല. വിറകുവെട്ട് തൊഴിലാളിയായ ജോൺകുമാർ ജോലിക്കായി പുറത്തുപോയ സമയത്താണ് സംഭവം നടന്നത്. നിവേദ്യയും കുട്ടികളും മാത്രമായിരുന്നു അപ്പോൾ വീട്ടിലുണ്ടായിരുന്നത്. രണ്ട് മാസം മുൻപാണ് ജോൺകുമാറും കുടുംബവും മേനോൻപാറയിലെ വാടകവീട്ടിലേക്ക് താമസം മാറ്റിയത്.
ആദ്യഘട്ടത്തിൽ കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തൊട്ടിയിൽ വീണതാകാമെന്നാണ് പോലീസ് കരുതിയത്. നാട്ടുകാർ കുട്ടികളെ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് ഉടൻ അത്താണിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്നുള്ള അന്വേഷണത്തിലാണ് മരണത്തിൽ സംശയം ഉയർന്നത്. സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും നിവേദ്യയുടെ മൊഴികളും വിശദമായി പരിശോധിച്ചതോടെ കൊലപാതകമാണെന്ന് അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു. മരിച്ച ജെനിഫർ ജൂലിയറ്റ് മേനോൻപാറ യു.പി. സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിനിയായിരുന്നു.















