റാഞ്ചി: വിയറ്റ്നാമിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ യോഗ അദ്ധ്യാപകർക്ക് ദാരുണാന്ത്യം. റാഞ്ചി സ്വദേശിയായ രാജകുമാർ വർമ്മ (26), ജംഷഡ്പൂർ സ്വദേശി വിനയ് യാദവ് (23) എന്നിവരാണ് മരിച്ചത്.
സെപ്റ്റംബർ 25ന് വിയറ്റ്നാമിലെ ഡാ ലാറ്റ് നഗരത്തിലായിരുന്നു അപകടം. യോഗ ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടത്. നനഞ്ഞ റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് എതിർദിശയിലെ പാതയിലേക്ക് തെന്നിമാറുകയും അവിടെവച്ച് കാറുമായി കൂട്ടിയിടിക്കുകയുമായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാജകുമാർ വർമ്മ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. വിനയ് യാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷം ചികിത്സയ്‌ക്കിടെ മരണം സംഭവിച്ചു.
രണ്ട് വർഷം മുൻപണ് യോഗ അദ്ധ്യാപകനായ രാജകുമാർ വർമ്മയും വിനയ് യാദവും വിയറ്റ്നാമിലേക്ക് പോയത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. വിയറ്റ്നാമിലുള്ള വിനയിന്റെ ബന്ധു അഭിജിത്താണ് നടപടികൾ ഏകോപിക്കുന്നത്.
ഇരുവരുടെയും മൃതദേഹങ്ങൾ ഉടൻ ജാർഖണ്ഡിലെത്തിക്കുമെന്ന് സംസ്ഥാന തൊഴിൽ മന്ത്രി സഞ്ജയ് പ്രസാദ് യാദവ് അറിയിച്ചു. കുടുംബങ്ങൾക്ക് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും നിയമപ്രകാരമുള്ള സഹായവും നഷ്ടപരിഹാരവും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.















