ചണ്ഡിഗഡ്: 17 വര്‍ഷം നീണ്ട റെഡ് ബോള്‍ കരിയറിന് വിരാമമിട്ട് ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി 35കാരന്‍ പ്രഖ്യാപിച്ചു. എന്നാല്‍ ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായി പിന്മാറാന്‍ താരം തയ്യാറല്ല. ഏകദിന, ട്വന്റി20 ഫോര്‍മാറ്റുകളില്‍ ഇന്ത്യയ്‌ക്കായി വീണ്ടും അവസരം നേടുകയാണ് ഇനി ലക്ഷ്യമെന്ന് ചഹല്‍ വ്യക്തമാക്കി. ഇന്ത്യയ്‌ക്കായി ടെസ്റ്റ് മത്സരം കളിക്കുകയെന്ന സ്വപ്‌നം കരിയറിലുടനീളം മനസിലുണ്ടായിരുന്നെങ്കിലും അത് യാഥാര്‍ഥ്യമായില്ല. ഒരു ടെസ്റ്റ് മത്സരം പോലും കളിക്കാതെയാണ് ചഹല്‍ റെഡ് ബോള്‍ ക്രിക്കറ്റിനോട് വിടപറയുന്നത്.
2009ല്‍ ഹരിയാനയ്‌ക്കായി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ച ചെഹല്‍ 49 മത്സരങ്ങളില്‍ നിന്ന് 32.27 ശരാശരിയില്‍ 148 വിക്കറ്റുകളാണ് നേടിയത്. ലോര്‍ഡ്സിലായിരുന്നു അദ്ദേഹത്തിന്റെ അവസാന ഫസ്റ്റ് ക്ലാസ് മത്സരം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ തീരുമാനം ചെഹല്‍ അറിയിച്ചത്. പത്താം വയസില്‍ ആദ്യമായി കൈയിലെടുത്തത് ചുവന്ന പന്തായിരുന്നുവെന്ന് ഓര്‍ത്തെടുത്ത താരം, റെഡ് ബോള്‍ ക്രിക്കറ്റ് തന്റെ ജീവിതത്തില്‍ ഫോര്‍മാറ്റിനപ്പുറമുള്ള അനുഭവമായിരുന്നുവെന്നും കുറിച്ചു.
View this post on Instagram
ക്ഷമയും വ്യക്തിത്വവും പ്രതിരോധശേഷിയും പഠിപ്പിച്ചത് റെഡ് ബോള്‍ ക്രിക്കറ്റാണെന്ന് ചഹല്‍ പറഞ്ഞു. മണിക്കൂറുകളോളം മൈതാനത്ത് നിലയുറപ്പിച്ച് ഓരോ റണ്ണിനും വിക്കറ്റിനും വേണ്ടി പോരാടുന്നതിന്റെ സന്തോഷവും ഈ ഫോര്‍മാറ്റില്‍ നിന്നാണ് ലഭിച്ചതെന്നും താരം വ്യക്തമാക്കി. ലോര്‍ഡ്സില്‍ കളിച്ച അവസാന ഫസ്റ്റ് ക്ലാസ് മത്സരം വൈകാരികമായ ഓര്‍മയായി മാറിയെന്നും ചെഹല്‍ പറഞ്ഞു. റെഡ് ബോള്‍ ക്രിക്കറ്റ് സമ്മാനിച്ച ഓര്‍മകള്‍ ജീവിതത്തില്‍ നിന്ന് ഒരിക്കലും മായില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും രാജ്യാന്തര ക്രിക്കറ്റിനോട് വിട പറയാന്‍ ചഹല്‍ തയ്യാറല്ല. ”എന്റെ പോരാട്ടം അവസാനിച്ചിട്ടില്ല. രാജ്യത്തിനായി കളിക്കാനുള്ള ആഗ്രഹം ഇപ്പോഴും എനിക്കുണ്ട്. എന്നില്‍ ഇനിയും ക്രിക്കറ്റ് അവശേഷിക്കുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏകദിന, ട്വന്റി20 ഫോര്‍മാറ്റുകളില്‍ മറ്റൊരു അവസരം നേടാന്‍ പരമാവധി ശ്രമിക്കും,” ചഹല്‍ വ്യക്തമാക്കി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറയുമ്പോള്‍ ചഹലിന്റെ റെഡ് ബോള്‍ കരിയറില്‍ ബാക്കിവരുന്നത് 49 മത്സരങ്ങള്‍, 148 വിക്കറ്റുകള്‍, ഒപ്പം യാഥാര്‍ഥ്യമാകാതെ പോയ ഒരു ടെസ്റ്റ് കുപ്പായത്തിന്റെ സ്വപ്‌നം.















