കാനഡ ടൂറുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി നന്ദഗോവിന്ദം ഭജന്‍സ്. കരാറില്‍ പറഞ്ഞിരിക്കുന്ന രീതിയില്‍ തന്നെയാണ് കാനഡയില്‍ പരിപാടികള്‍ നടത്തിയതെന്നും വീസാ ചട്ടങ്ങള്‍ കൃത്യമായി പാലിച്ച് നിശ്ചയിച്ച തീയതിയില്‍ തന്നെ കാനഡയില്‍ നിന്ന് മടങ്ങിയെന്നും നന്ദഗോവിന്ദം ഭജന്‍സ് വ്യക്തമാക്കി. കാനഡയിലെ ഇമിഗ്രേഷന്‍ വകുപ്പിന്റെ പിടിയിലായെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളും തെറ്റാണെന്ന് സംഘം അറിയിച്ചു. നിലവില്‍ സിംഗപ്പൂരിലുള്ള നന്ദഗോവിന്ദം ഭജന്‍സ് സംഘം അവിടുത്തെ പരിപാടിക്ക് ശേഷം ന്യൂസിലന്‍ഡിലേക്ക് പോകുമെന്നും വ്യക്തമാക്കി. കാനഡയിലെ പരിപാടികളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയായി ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് സംഘം നിലപാട് വ്യക്തമാക്കിയത്.
ത്രിവേണി ഫൈന്‍ ആര്‍ട്‌സുമായി കരാറില്‍ ഏര്‍പ്പെട്ടാണ് നന്ദഗോവിന്ദം ഭജന്‍സ് കാനഡയില്‍ പരിപാടികള്‍ക്കെത്തിയത്. ആകെ ഏഴ് പരിപാടികളാണ് കരാര്‍ പ്രകാരം നിശ്ചയിച്ചിരുന്നത്. എഡ്മണ്ടന്‍ സിറ്റിയില്‍ പരിപാടി നടത്തുന്നതിനായി മലയാളി കൂട്ടായ്മയായ ‘നമഹ’യുമായി കരാര്‍ ഉണ്ടായിരുന്നുവെന്നും സംഘം പറയുന്നു. ഇതിന് പിന്നാലെ സമീപ നഗരമായ കാല്‍ഗറിയില്‍ അധികമായി ഒരു പരിപാടി പ്രഖ്യാപിച്ചതാണ് വിവാദത്തിന് കാരണമായത്. കരാറിന് വിരുദ്ധമായി പരിപാടി നടത്തിയെന്നായിരുന്നു ഉയര്‍ന്ന ആരോപണം. സംഘാടകരെ വഞ്ചിച്ചുവെന്ന തരത്തിലും സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായി. ‘നമഹ’ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നന്ദഗോവിന്ദം ഭജന്‍സിനെതിരെ കാനഡയില്‍ ഇമിഗ്രേഷന്‍ നടപടി ഉണ്ടായെന്ന തരത്തിലായിരുന്നു പിന്നീട് സമൂഹമാധ്യമങ്ങളിലെ പ്രചാരണം.
എന്നാല്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നാണ് നന്ദഗോവിന്ദം ഭജന്‍സ് വിശദീകരണം നല്‍കി. കരാറിലുള്ള ഏഴ് പരിപാടികള്‍ക്ക് പുറമെ ഒരു പരിപാടി കൂടി തങ്ങള്‍ സ്വന്തമായി പ്രഖ്യാപിച്ചതായി നന്ദഗോവിന്ദം ഭജന്‍സ് പറഞ്ഞു. പ്രവീണിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പരിപാടി ആദ്യം പ്രഖ്യാപിച്ചതെന്നും സംഘം വ്യക്തമാക്കി. ”ഇങ്ങനെ പരിപാടി പ്രഖ്യാപിക്കാന്‍ പാടില്ലെന്ന് സംഘാടകര്‍ പറഞ്ഞിരുന്നു. ടിക്കറ്റ് സോള്‍ഡ് ഔട്ടായ ശേഷം പ്രഖ്യാപിക്കാമെന്നായിരുന്നു പിന്നീട് പറഞ്ഞത്. എന്നാല്‍ പരിപാടിക്ക് ശേഷം സ്വന്തം പേജിലൂടെയാണ് കാല്‍ഗറിയിലെ ഷോ പ്രഖ്യാപിച്ചത്. രണ്ട് സ്ഥലങ്ങളും തമ്മില്‍ ഏകദേശം 300 കിലോമീറ്റര്‍ വ്യത്യാസമുണ്ട്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
പരിപാടി പ്രഖ്യാപിച്ചതിന് പിന്നാലെ മോശമായ രീതിയിലാണ് സംസാരിച്ചത്. നിയമപരമായി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി മെയിലും അയച്ചു,” എന്നാണ് നന്ദഗോവിന്ദം ഭജന്‍സ് വീഡിയോയില്‍ പറയുന്നത്. മറ്റൊരു സ്ഥലത്ത് പരിപാടി നടത്തുന്നതിനെ വിമര്‍ശിക്കാന്‍ സംഘാടകര്‍ക്ക് കഴിയില്ലെന്നും ഇക്കാര്യം കരാറില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സംഘം പറയുന്നു. പരിപാടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതെന്നും നന്ദഗോവിന്ദം ഭജന്‍സ് ആരോപിച്ചു. വീസാ ചട്ടങ്ങള്‍ കൃത്യമായി പാലിച്ചാണ് കാനഡയില്‍ പരിപാടികള്‍ പൂര്‍ത്തിയാക്കിയതെന്നും 29ന് കാനഡയില്‍ നിന്ന് മടങ്ങിയെന്നും നന്ദഗോവിന്ദം ഭജന്‍സ് വ്യക്തമാക്കി.
ഇമിഗ്രേഷന്‍ അധികൃതരുടെ പിടിയിലായെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും സംഘം ആവര്‍ത്തിച്ചു. കാനഡയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയാണ് നന്ദഗോവിന്ദം ഭജന്‍സ്. കാനഡയിലും ഇന്ത്യയിലും നികുതി അടയ്‌ക്കുന്നുണ്ടെന്നും അതിനാല്‍ കാനഡയില്‍ നേരിട്ട് പരിപാടികള്‍ നടത്താന്‍ സാധിക്കുമെന്നും നന്ദഗോവിന്ദം വിശദീകരിച്ചു. സമൂഹമാധ്യമങ്ങളില്‍ തങ്ങളെ വിമര്‍ശിച്ച് മോശം കമന്റുകള്‍ ഇടുന്നവരെയും നന്ദഗോവിന്ദം ഭജന്‍സ് വീഡിയോയില്‍ പരാമര്‍ശിച്ചു. ‘ഹിന്ദുക്കളെ പറ്റിച്ച് ജീവിക്കുന്നവരാണ്’ എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉയരാമെന്നും, അത്തരം പ്രചാരണങ്ങള്‍ തുടരുന്നവര്‍ക്ക് അത് തുടരാമെന്നുമായിരുന്നു പ്രതികരണം. നിലവില്‍ സിംഗപ്പൂരിലുള്ള സംഘം അവിടുത്തെ പരിപാടിക്ക് ശേഷം ന്യൂസിലന്‍ഡിലേക്ക് യാത്ര തിരിക്കുമെന്നും നന്ദഗോവിന്ദം ഭജന്‍സ് അറിയിച്ചു.















