‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

Published by
ജനം വെബ്‌ഡെസ്ക്

കാസര്‍ഗോഡ്: വന്ദേ മാതരത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നിലെ ശക്തികളെയും ആശയങ്ങളെയും കണ്ടെത്തേണ്ടതുണ്ടെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. കഴിഞ്ഞ ദിവസമുണ്ടായ സംഭവം ഒറ്റപ്പെട്ടതല്ലെന്നും ഡല്‍ഹി മുതല്‍ പ്രാദേശികതലം വരെ ഇത്തരം പ്രവണതകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തികളെക്കുറിച്ച് സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയില്‍ വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. വന്ദേ മാതരത്തിന്റെ ചരിത്രവും ദേശീയ പ്രസ്ഥാനത്തിലെ പങ്കും ചര്‍ച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

വന്ദേ മാതരത്തിനെതിരെ ചിലര്‍ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ മാത്രം വിഷയം ഒതുക്കരുതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെ ആശയങ്ങളും അവ സമൂഹത്തില്‍ എങ്ങനെയാണ് പ്രചരിക്കുന്നതെന്നും പരിശോധിക്കണം. ഇത്തരം പ്രവണതകള്‍ കണ്ടെത്തുന്നതിനൊപ്പം അവ അവസാനിപ്പിക്കുന്നതിനുള്ള സാമൂഹിക ഇടപെടലും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. വന്ദേ മാതരത്തിനെതിരായ പ്രതിഷേധം രാജ്യത്തിന്റെ ഐക്യത്തെയും ദേശീയബോധത്തെയും ദുര്‍ബലപ്പെടുത്താനുള്ള വലിയ ശ്രമത്തിന്റെ ഭാഗമാണെന്ന അഭിപ്രായവും ഗവര്‍ണര്‍ പ്രകടിപ്പിച്ചു.

വന്ദേ മാതരം ഒരു ഗാനം മാത്രമല്ല, ദേശീയബോധത്തിന്റെ പ്രതീകമാണെന്ന് അര്‍ലേക്കര്‍ പറഞ്ഞു. കൊളോണിയല്‍ ഭരണത്തിനെതിരെ രാജ്യത്തെ ഒന്നിപ്പിക്കുന്നതില്‍ വന്ദേ മാതരത്തിന് വലിയ പങ്കുണ്ടായിരുന്നു. ‘വന്ദേ മാതരം’ എന്ന് മാത്രം ഉച്ചരിച്ചാലും ജനങ്ങളെ ഒന്നിപ്പിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ ദേശീയ ഐക്യമാണ് കൊളോണിയല്‍ ഭരണത്തിന്റെ അടിത്തറ ഇളക്കിയത്. രാജ്യം ഒന്നിച്ചുനിന്നാല്‍ ഇന്ത്യയില്‍ തുടരുക ബുദ്ധിമുട്ടാകുമെന്ന് ബ്രിട്ടീഷുകാര്‍ തിരിച്ചറിഞ്ഞിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. രാജ്യത്തോടും രാഷ്‌ട്രത്തോടുമുള്ള വികാരം ജനമനസ്സില്‍ ഉണര്‍ത്തുന്നതില്‍ വന്ദേ മാതരത്തിന് വലിയ പങ്കുണ്ടായിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് ദേശീയബോധം വളര്‍ത്തിയ നിരവധി സംഭവങ്ങള്‍ 1947-ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്നതിന് വഴിയൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു.

വന്ദേ മാതരത്തിന്റെ ചരിത്രം പ്രസംഗങ്ങളില്‍ മാത്രം ഒതുക്കാതെ സമഗ്രമായ ഗവേഷണത്തിലൂടെ രേഖപ്പെടുത്തണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ബങ്കിംചന്ദ്ര ചട്ടോപാധ്യായ വന്ദേ മാതരം രചിക്കാനിടയായ സാഹചര്യം, അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്നിവ പഠിക്കണം. രവീന്ദ്രനാഥ ടാഗോര്‍ വന്ദേ മാതരത്തെ രാജ്യത്തിന്റെ ഗാനമായി വിശേഷിപ്പിച്ചതിന്റെ പശ്ചാത്തലവും ഗവേഷണവിധേയമാക്കണം. ഇത്തരം പഠനങ്ങള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച് ഭാവിതലമുറയ്‌ക്ക് ആധികാരിക രേഖയായി കൈമാറണമെന്നും അദ്ദേഹം പറഞ്ഞു. വന്ദേ മാതരത്തിന്റെ ആറ് ശ്ലോകങ്ങളാണോ അതിലെ രണ്ട് ശ്ലോകങ്ങള്‍ മാത്രമാണോ ആലപിക്കേണ്ടതെന്ന ചര്‍ച്ചയില്‍ മാത്രം വിഷയം ഒതുക്കരുത്. അതിന് പിന്നിലെ ആശയവും ദേശീയബോധവുമാണ് മനസ്സിലാക്കേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.

വന്ദേ മാതരത്തിനെതിരെ ഉയരുന്ന സമീപനങ്ങളില്‍ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ വന്ദേ മാതരം ആലപിക്കേണ്ടതില്ലെന്ന നിലപാടുമായി ബന്ധപ്പെട്ട കോടതി വിധിയുണ്ടായിരുന്നുവെന്നും അര്‍ലേക്കര്‍ ചൂണ്ടിക്കാട്ടി. ഇത്തരം സമീപനങ്ങള്‍ എവിടെ നിന്നാണ് ഉണ്ടാകുന്നതെന്ന് സമൂഹം ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വന്ദേ മാതരത്തെക്കുറിച്ചുള്ള ചര്‍ച്ച സെമിനാര്‍ ഹാളിന്റെയോ ലൈബ്രറിയുടെയോ നാലുചുവരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങരുതെന്ന് ഗവര്‍ണര്‍ പറഞ്ഞു. അയല്‍ക്കാരുമായും സഹപ്രവര്‍ത്തകരുമായും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായും ഇതേക്കുറിച്ച് സംസാരിക്കണം. രാജ്യത്തിന്റെ സ്ഥാപനങ്ങളെയും പാരമ്പര്യങ്ങളെയും ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

‘ഏക ഭാരത്, ശ്രേഷ്ഠ ഭാരത്’ എന്ന ആശയത്തിലൂടെ രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്താന്‍ എല്ലാവരും പങ്കാളികളാകണം. രാജ്യം ഒറ്റക്കെട്ടായി നിന്നാല്‍ ആര്‍ക്കും അതിനെ വെല്ലുവിളിക്കാനാകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. വന്ദേ മാതരത്തിന്റെ ആറ് ശ്ലോകങ്ങളുടെയും അര്‍ഥം തനിക്ക് പൂര്‍ണമായി അറിയില്ലെന്നും സംസ്‌കൃതവും ബംഗാളിയും തനിക്ക് ആഴത്തില്‍ അറിയില്ലെന്നും അര്‍ലേക്കര്‍ പറഞ്ഞു. എന്നാല്‍ വന്ദേ മാതരം തന്റെ മനസ്സിലും ചിന്തയിലും ഹൃദയത്തിലും സൃഷ്ടിച്ച ദേശീയബോധത്തിന് അതിരുകളില്ലെന്നും ആ വികാരം ആര്‍ക്കും ഇല്ലാതാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

വന്ദേ മാതരത്തെക്കുറിച്ചുള്ള ദേശീയ ഉണര്‍വിന്റെ ഭാഗമാകുന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭാവിയില്‍ മക്കള്‍ ഇതേക്കുറിച്ച് ചോദിക്കുമ്പോള്‍, എല്ലാം നോക്കിനിന്ന ഒരാളായിരുന്നില്ലെന്നും ഈ മുന്നേറ്റത്തിന്റെ ഭാഗമായിരുന്നുവെന്നും അഭിമാനത്തോടെ പറയാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share