തിരുവനന്തപുരം: ട്രെയിന്‍ യാത്രയ്‌ക്കിടെ സഹയാത്രികര്‍ക്ക് ശല്യമാകുന്ന രീതിയില്‍ മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ പാട്ടുവയ്‌ക്കുകയോ വീഡിയോ കാണുകയോ ചെയ്താല്‍ ഇനി കടുത്ത നടപടി. ടിക്കറ്റ് റദ്ദാക്കി യാത്രക്കാരനെ ട്രെയിനില്‍നിന്ന് ഇറക്കിവിടുന്നതിനൊപ്പം 1,000 രൂപ പിഴയും ചുമത്തും. ശല്യം തുടരുകയും റെയില്‍വേ ജീവനക്കാരന്റെ നിര്‍ദേശം അവഗണിക്കുകയും ചെയ്താല്‍ ആറുമാസം വരെ തടവോ 5,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. റെയില്‍വേ നിയമത്തിലെ ഭേദഗതിയോടെയാണ് നടപടി. സഹയാത്രികരില്‍നിന്ന് വ്യാപകമായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. മൊബൈല്‍ ഫോണില്‍ സ്പീക്കര്‍ ഉപയോഗിച്ച് പാട്ടുകേള്‍ക്കുന്നതും ഉച്ചത്തില്‍ വീഡിയോ കാണുന്നതും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരുടെ യാത്രയ്‌ക്ക് തടസമാകുന്നുവെങ്കില്‍ നടപടിയെടുക്കാം. ഇയര്‍ഫോണ്‍ ഉപയോഗിച്ച് പാട്ടുകേള്‍ക്കുന്നതിന് തടസമില്ല.
1989ലെ റെയില്‍വേ ആക്ടിലെ 145-ാം വകുപ്പില്‍ വരുത്തിയ ഭേദഗതിയാണ് ഇതിന് അടിസ്ഥാനമാകുന്നത്. ജനവിശ്വാസ ഭേദഗതി നിയമം 2026 പ്രകാരം സഹയാത്രികര്‍ക്ക് ശല്യമുണ്ടാക്കുന്ന പ്രവൃത്തികള്‍ക്ക് പിഴയും തുടര്‍ന്നും ശല്യം ചെയ്താല്‍ തടവുശിക്ഷയും വ്യവസ്ഥ ചെയ്തിട്ടുണ്ട്. റെയില്‍വേ ജീവനക്കാരന്റെ നിര്‍ദേശം അവഗണിച്ച് ശല്യം തുടരുന്നവര്‍ക്കെതിരെയാണ് കടുത്ത ശിക്ഷ ലഭിക്കുക. യാത്രയ്‌ക്കിടെ ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് റെയില്‍വേയുടെ 139 ഹെല്‍പ്ലൈന്‍ നമ്പറില്‍ വിളിച്ചോ ടി.ടി.ഇയെ നേരിട്ട് അറിയിച്ചോ പരാതി നല്‍കാം. റെയില്‍വേ ആപ്പ് വഴിയും പരാതി അറിയിക്കാം.
അതേസമയം, തിരുവനന്തപുരത്തുനിന്ന് ഷൊര്‍ണൂരിലേക്ക് സര്‍വീസ് നടത്തുന്ന വേണാട് എക്സ്പ്രസില്‍ കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന എല്‍.ഡബ്ല്യു.എസ്. ജനറല്‍ സിറ്റിങ് കോച്ചുകള്‍ ഉള്‍പ്പെടുത്തി. ഇന്നലെ മാത്രം പത്ത് കോച്ചുകള്‍ മാറ്റിയതായാണ് വിവരം. ശേഷിക്കുന്ന കോച്ചുകളും ഉടന്‍ മാറ്റും. ട്രെയിനില്‍ ആകെ 19 ജനറല്‍ കോച്ചുകളാണുള്ളത്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
നേരത്തെയുണ്ടായിരുന്ന കോച്ചുകളില്‍ 108 പേര്‍ക്ക് ഇരുന്നും 42 പേര്‍ക്ക് നിന്നും യാത്ര ചെയ്യാനാകുമായിരുന്നു. പുതിയ കോച്ചുകളില്‍ 220 പേര്‍ക്ക് ഇരുന്നും 50 മുതല്‍ 70 പേര്‍ക്ക് നിന്നും യാത്ര ചെയ്യാനാകുമെന്നാണ് കണക്ക്. ഇതോടെ തിരക്കേറിയ വേണാട് എക്സ്പ്രസില്‍ കൂടുതല്‍ യാത്രക്കാര്‍ക്ക് യാത്രാസൗകര്യം ലഭിക്കും. ജനശതാബ്ദി എക്സ്പ്രസില്‍ പുഷ്ബാക്ക് സീറ്റുകളുള്ള കോച്ചുകള്‍ അടുത്തയാഴ്ച ഉള്‍പ്പെടുത്തും. ഇതിനായി 16 കോച്ചുകള്‍ കൊച്ചുവേളിയില്‍ എത്തിച്ചിട്ടുണ്ട്.















