കോട്ടയം: ചന്തക്കവലയിലുണ്ടായ സ്വകാര്യബസ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 18കാരി മരിച്ചു. നട്ടാശേരി ഗാന്ധിസ്മാരക കേന്ദ്രത്തിന് സമീപം ഇഞ്ചേരിക്കുന്ന് പാറയില്‍ വീട്ടില്‍ അജയന്റെ മകള്‍ അഞ്ജലിയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് കോട്ടയം ചന്തക്കവലയില്‍ അപകടമുണ്ടായത്. കോട്ടയത്തുനിന്ന് ചങ്ങനാശേരിയിലേക്ക് സര്‍വീസ് നടത്തുന്ന ‘തണ്ടപ്ര’ എന്ന സ്വകാര്യബസാണ് അപകടത്തില്‍പ്പെട്ടത്. നാഗമ്പടം ഭാഗത്തുനിന്ന് ചന്തക്കവലയിലേക്ക് വരികയായിരുന്ന ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ റോഡരികിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഫുട്പാത്തിലെ ഗ്രില്ലുകളും വൈദ്യുതി പോസ്റ്റും തകര്‍ത്ത ബസ് യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറി. അപകടത്തില്‍ അഞ്ജലി ഉള്‍പ്പെടെ അഞ്ച് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഇത്തിത്താനം സുഭാഷ് ഭവനില്‍ ശ്രീകുമാരി (54), മറിയപ്പള്ളി മുട്ടം ഉള്ളാട്ട് വീട്ടില്‍ ജയ (51), കൊല്ലാട് കലേഷ് ഭവനില്‍ അനുമോള്‍ സുരേഷ് (48), ചങ്ങനാശേരി മലകുന്നം ആനക്കുഴി വീട്ടില്‍ എ.കെ. സുനി (46) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടം നടന്നയുടന്‍ ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ബസ് ഓടിച്ച കുറിച്ചി സ്വദേശി അതുല്‍ ബിജു, കണ്ടക്ടര്‍ മലകുന്നം സ്വദേശി ഷാലു എന്നിവരെ വെസ്റ്റ് എസ്.ഐ. വി.എസ്. ഗിരീഷിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ട്.















