ചെന്നൈ: തമിഴ്‌നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങളുടെ വികസന അഭിലാഷങ്ങളും ആവശ്യങ്ങളും മനസ്സിലാക്കി അവ നിറവേറ്റുന്നതിനായി ശ്രമിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ചെന്നൈയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്‌നാടിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെയും രാജ്യത്തിന്റെ ഉല്‍പ്പാദനമേഖലയുടെ വളര്‍ച്ചയില്‍ സംസ്ഥാനം നല്‍കുന്ന സംഭാവനകളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. 2014നുശേഷം ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതി 11 മടങ്ങ് വര്‍ധിച്ചെന്നും രാജ്യം ഇന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാവാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധ കയറ്റുമതി 50 മടങ്ങ് വര്‍ധിച്ചതായും എന്‍ജിനീയറിങ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ പുതിയ റെക്കോര്‍ഡ് കൈവരിച്ചതായും മോദി വ്യക്തമാക്കി. ഉല്‍പ്പാദനമേഖലയിലെ ഈ വളര്‍ച്ച രാജ്യത്തെ യുവാക്കള്‍ക്ക് നേരിട്ടും അല്ലാതെയും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്നും അദ്ദേഹം പറഞ്ഞു. തൂത്തുക്കുടിയിലെ വി.ഒ. ചിദംബരനാര്‍ തുറമുഖത്തെ ലോകോത്തര കണ്ടെയ്നര്‍ തുറമുഖമായും ഹരിതോര്‍ജ കേന്ദ്രമായും വികസിപ്പിക്കുന്നതിന് ഏകദേശം 17,000 കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു. വികസനപദ്ധതി പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പലുകള്‍ക്ക് ഉള്‍പ്പെടെ തുറമുഖത്ത് സൗകര്യമൊരുങ്ങും. ഇതിലൂടെ തമിഴ്‌നാടിനെ ആഗോള വ്യവസായ-ഗതാഗത കേന്ദ്രമാക്കി മാറ്റാന്‍ സാധിക്കുമെന്നും മോദി പറഞ്ഞു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ചെന്നൈ മെട്രോയുടെ മൂന്നാംഘട്ടത്തിന് വേഗത്തില്‍ അനുമതി നല്‍കണമെന്ന് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. വിമാനത്താവളം-കിളമ്പാക്കം, പൂനമല്ലി-സുങ്കുവാര്‍ച്ചത്രം തുടങ്ങിയ മേഖലകളിലേക്ക് മെട്രോ കണക്റ്റിവിറ്റി വ്യാപിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2026ലെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച അതിവേഗ റെയില്‍ ഇടനാഴികളെ സ്വാഗതം ചെയ്ത വിജയ്, ചെന്നൈ-കന്യാകുമാരി, ചെന്നൈ-കോയമ്പത്തൂര്‍ റൂട്ടുകളിലും പുതിയ അതിവേഗ റെയില്‍ ഇടനാഴികള്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു.















