ന്യൂഡൽഹി: മലയാളി ലോങ് ജംപ് താരം ശ്രീശങ്കർ മുരളിയുടെ ശസ്ത്രക്രിയയ്‌ക്കും തുടർചികിത്സയ്‌ക്കും പിന്തുണയുമായി കേന്ദ്ര സർക്കാരും കായിക മന്ത്രാലയവും. താരത്തിന്റെ ശസ്ത്രക്രിയയുടെ മുഴുവൻ ചെലവും കേന്ദ്ര സർക്കാർ ഏറ്റെടുത്തതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. പരിക്കിൽനിന്ന് മുക്തനായി ശക്തമായ തിരിച്ചുവരവ് നടത്താൻ ശ്രീശങ്കറിന് ആവശ്യമായ ചികിത്സയും പുനരധിവാസവും ഉറപ്പാക്കുകയാണ് ലക്ഷ്യം.
അടിയന്തര ശസ്ത്രക്രിയയ്‌ക്കായി ശ്രീശങ്കർ ലണ്ടനിലേക്ക് തിരിക്കുകയാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ലണ്ടനിലെ ഫോർഷ്യസ് ക്ലിനിക്കിൽ ഒക്ടോബർ 13 ചൊവ്വാഴ്ചയാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നതെന്ന് അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ലോകപ്രശസ്ത സ്പോർട്സ് ഓർത്തോപീഡിക് സർജൻ ഡോ. പീറ്റർ ഡി ഹൂഗിന്റെ നേതൃത്വത്തിൽ ലിഗമെന്റ് പുനർനിർമാണം ഉൾപ്പെടെയുള്ള ചികിത്സ നടത്താനാണ് തീരുമാനം.
ഇന്ത്യയുടെ അഭിമാനമായ ശ്രീശങ്കർ മുരളിക്ക് മികച്ച ചികിത്സയും പുനരധിവാസവും ഉറപ്പാക്കുന്നതിലൂടെ കളിക്കളത്തിലേക്ക് ശക്തമായി തിരിച്ചെത്താൻ സഹായിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് സുരേഷ് ഗോപി പറഞ്ഞു. കായികതാരങ്ങൾക്ക് ലോകോത്തര ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ കേന്ദ്ര കായിക മന്ത്രാലയം നടത്തുന്ന ഇടപെടലുകളെയും അദ്ദേഹം പരാമർശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയ്‌ക്കും സുരേഷ് ഗോപി നന്ദി അറിയിച്ചു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ശ്രീശങ്കർ വീണ്ടും മികച്ച ഫോമിലേക്ക് തിരിച്ചെത്തുമെന്നും ഒളിമ്പിക്സ് സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ശ്രീശങ്കറിന്റെ വേഗത്തിലുള്ള രോഗമുക്തിക്കും വിജയകരമായ തിരിച്ചുവരവിനും ആശംസകൾ നേർന്ന സുരേഷ് ഗോപി, രാജ്യം മുഴുവൻ താരത്തിനൊപ്പമുണ്ടെന്നും വ്യക്തമാക്കി.















