മീററ്റ്: മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി സിമന്റ് നിറച്ച നീല പ്ലാസ്റ്റിക് ഡ്രമ്മിലൊളിപ്പിച്ച കേസിൽ ഭാര്യ മുസ്കാൻ രസ്തോഗിക്കും കാമുകൻ സാഹിൽ ശുക്ലയ്ക്കും വധശിക്ഷ. രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസിലാണ് ഉത്തർപ്രദേശിലെ മീററ്റ് ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 2025 മാർച്ചിൽ നടന്ന കൊലപാതകത്തിൽ 13 മാസത്തെ വിചാരണയ്ക്കും സാക്ഷിമൊഴികളും തെളിവുകളും പരിശോധിച്ചതിനും ശേഷമാണ് കോടതി വിധി പ്രഖ്യാപിച്ചത്.
മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രജ്പുതാണ് കൊല്ലപ്പെട്ടത്. മുസ്കാനും സാഹിലും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. കുറ്റകൃത്യം സമൂഹത്തിൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചതായാണ് റിപ്പോർട്ട്.
ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി; പിന്നാലെ കൊലപാതകം
2025 മാർച്ച് മൂന്നിന് മീററ്റിലെ ഇന്ദ്രനഗറിലുള്ള വീട്ടിൽവച്ചാണ് സൗരഭ് രജ്പുത് കൊല്ലപ്പെട്ടത്. ഭാര്യ മുസ്കാൻ ഭക്ഷണത്തിൽ ഉറക്കഗുളികകൾ കലർത്തി നൽകിയതിനെത്തുടർന്ന് സൗരഭ് ബോധരഹിതനായെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പിന്നീട് വീട്ടിലെത്തിയ സാഹിൽ ശുക്ലയുമായി ചേർന്ന് സൗരഭിനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വിശദീകരിച്ചത്.
കൊലപാതകത്തിനുശേഷം കുളിമുറിയിൽവച്ച് മൃതദേഹം കഷണങ്ങളാക്കി മുറിച്ചു. ശരീരഭാഗങ്ങൾ വലിയ നീല പ്ലാസ്റ്റിക് ഡ്രമ്മിൽ നിറച്ചശേഷം മണൽ, വെള്ളം, സിമന്റ് എന്നിവയുടെ മിശ്രിതം ഉപയോഗിച്ച് അടച്ചുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മൃതദേഹം പുറത്തറിയാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇങ്ങനെ ചെയ്തതെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.
സൗരഭ് ജീവിച്ചിരിപ്പുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമം
കൊലപാതകത്തിനുശേഷം മുസ്കാനും സാഹിലും ഹിമാചൽ പ്രദേശിലേക്ക് കടന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതിനിടെ സൗരഭിന്റെ മൊബൈൽ ഫോൺ ഉപയോഗിച്ച് കുടുംബാംഗങ്ങൾക്ക് സന്ദേശങ്ങൾ അയച്ചതായും റിപ്പോർട്ടുകളുണ്ട്. സൗരഭ് ജീവിച്ചിരിപ്പുണ്ടെന്നും ബിസിനസ് യാത്രയിലാണെന്നും കുടുംബത്തെ വിശ്വസിപ്പിക്കാനായിരുന്നു ശ്രമമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.
മാർച്ച് 17ന് സൗരഭിന്റെ ബന്ധുക്കൾ സംശയം തോന്നി വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ദമ്പതികളുടെ ആറുവയസ്സുകാരിയായ മകൾ അയൽക്കാരോട് “പപ്പ ഡ്രമ്മിലാണ്” എന്ന് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് പോലീസ് വീട്ടിലെത്തി നീല ഡ്രം പരിശോധിച്ചപ്പോഴാണ് സൗരഭിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
പിന്നീട് നടത്തിയ അന്വേഷണത്തിൽ മുസ്കാനെയും സാഹിലിനെയും അറസ്റ്റ് ചെയ്തു.
കടയിലെ ബില്ലുകളും മൊബൈൽ ഫോൺ രേഖകളും നിർണായകമായി
വിചാരണയ്ക്കിടെ സാഹചര്യത്തെളിവുകൾ, സാങ്കേതിക രേഖകൾ, ഭൗതിക തെളിവുകൾ എന്നിവയാണ് പ്രോസിക്യൂഷൻ പ്രധാനമായും ഹാജരാക്കിയത്. കൊലപാതകത്തിന് മുമ്പ് നീല പ്ലാസ്റ്റിക് ഡ്രം, സിമന്റ്, മണൽ, മാംസം മുറിക്കുന്ന കത്തികൾ, റേസറുകൾ തുടങ്ങിയവ വാങ്ങിയതുമായി ബന്ധപ്പെട്ട കടയിലെ ബില്ലുകളും കടയുടമകളുടെ മൊഴികളും അന്വേഷണത്തിൽ പ്രധാനമായി.
കൊലപാതകം നടന്ന സമയത്ത് സാഹിൽ വീട്ടിലുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന കോൾ ഡീറ്റെയിൽ രേഖകളും മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ അവതരിപ്പിച്ചു. ഷിംലയിലെയും മണാലിയിലെയും ഹോട്ടലുകളിൽ ഇരുവരും ഒരുമിച്ച് താമസിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായി. സൗരഭ് കുത്തേറ്റാണ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും സ്ഥിരീകരിച്ചു.
126 വാദങ്ങളും 22 സാക്ഷികളുടെ മൊഴികളും പരിഗണിച്ച ശേഷമാണ് മുസ്കാനും സാഹിലും കൊലപാതകത്തിന് ഗൂഢാലോചന നടത്തിയെന്ന നിഗമനത്തിൽ കോടതി എത്തിയതെന്നാണ് റിപ്പോർട്ട്.















