തിരുവനന്തപുരം: കുറവൻകോണത്തെ 300 വർഷം പഴക്കമുള്ള മണ്ണറക്കാവ് നാഗരൂർ ക്ഷേത്രം ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കി ലക്ഷങ്ങൾ വിലവരുന്ന മരങ്ങൾ മുറിച്ചുകടത്തി. സി പി എമ്മിന്റെ ഒത്താശയോടയാണ് കാവ് തകർത്തത്. ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമി കൈക്കലാക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്ന് പരാതിക്കാരനായ ഹരികുമാറിന്റെ ആരോപണം.
നാലുമാസം മുമ്പ് വരെ ക്ഷേത്രം നിലനിന്നിരുന്ന ഇപ്പോൾ കാവ് പൂർണമായും നശിപ്പിക്കപ്പെട്ട നിലയിലാണ്. ക്ഷേത്രത്തിന്റെ സ്ഥാനത്ത് ഇന്ന് വെറും രണ്ട് കരിങ്കൽ വിഗ്രഹങ്ങൾ മാത്രമാണുള്ളത്. ക്ഷേത്രത്തിന്റെ മേൽക്കൂരയും ചുമരുകളും പൂർണ്ണമായും ജെസിബി കൊണ്ട് പൊളിച്ച് അവിടെ നിന്നും നീക്കം ചെയ്തിരിക്കുകയാണ്.
ക്ഷേത്രത്തിലുണ്ടായിരുന്ന വിലപിടിപ്പുള്ള മരങ്ങളും വിളക്കുകൾ ഉൾപ്പെടെയുള്ള വസ്തുക്കളും ഇന്ന് ഇവിടെ ഇല്ല. ഏകദേശം പത്ത ലക്ഷം രൂപ വിലമതിക്കുന്ന മരങ്ങളും മറ്റ് വസ്തുക്കളും അമ്പലമുക്ക് സ്വദേശികളായ അർജുൻ, ലേഖ, കൃഷ്ണകുമാരി എന്നിവർ കടത്തിയെന്നാണ് ഹരികുമാറിന്റെ പരാതിയിൽ പറയുന്നത്.
കാവിൽ ജെസിബി ഉപയോഗിച്ച് മണ്ണുമാറ്റുകയും വിലപിടിപ്പുള്ള മരങ്ങൾ മുറിച്ച് ലോറിയിൽ കയറ്റിക്കൊണ്ടുപോകുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. മരങ്ങൾ മുറിച്ചുമാറ്റിയ സംഭവത്തിൽ കേസെടുക്കാത്തത് സംശയകരമാണെന്നും ഇതിന് പിന്നിൽ സ്വാധീനമുള്ളവരുടെ ഇടപെടലുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തിൽ മ്യൂസിയം പോലീസ്, ജില്ലാ കളക്ടർ, ആർഡിഒ, സിറ്റി പോലീസ് കമ്മീഷണർ എന്നിവർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഹരികുമാർ ജനം ടിവിയോട് പറഞ്ഞു. ആരോപണവിധേയർക്ക് സിപിഎം നേതാക്കളുമായി ബന്ധമുള്ളതിനാലാണ് പോലീസ് കേസെടുക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു. 300 വർഷം പഴക്കമുള്ള ക്ഷേത്രവും കാവും നശിപ്പിച്ചെന്ന പരാതിയിൽ അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നാണ് ഹരികുമാറിന്റെയും കുടുംബത്തിന്റെ ആവശ്യം.















