റിയാദ്: പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകളുടെ നിയന്ത്രണം നീട്ടി എയര് ഇന്ത്യയും അനുബന്ധ സ്ഥാപനമായ എയര് ഇന്ത്യ എക്സ്പ്രസും. ജിദ്ദ, റിയാദ്, ദമാം നഗരങ്ങളിലേക്കും അവിടെനിന്നുമുള്ള സര്വീസുകള് ഒക്ടോബര് 24 വരെ താല്ക്കാലികമായി നിര്ത്തിവെച്ചതായി വിമാനക്കമ്പനികള് അറിയിച്ചു. മേഖലയിലെ ഹൂതി വിമതരുടെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
സര്വീസുകള് റദ്ദാക്കിയതിനെത്തുടര്ന്ന് യാത്രാപദ്ധതികള്ക്ക് തടസ്സം നേരിടുന്നവര്ക്ക് ടിക്കറ്റ് തീയതി സൗജന്യമായി മാറ്റാനുള്ള സൗകര്യവും എയര് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. 2026 ഒക്ടോബര് 15-നോ അതിനുമുമ്പോ ടിക്കറ്റ് ബുക്ക് ചെയ്തവര്ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഒക്ടോബര് 9 മുതല് 25 വരെയുള്ള യാത്രകള്ക്കായി എടുത്ത ടിക്കറ്റുകളുടെ തീയതി ഒറ്റത്തവണ സൗജന്യമായി മാറ്റാം. പുതുക്കിയ യാത്ര നവംബര് 10-നകം നടത്തണം.
യാത്രക്കാര്ക്ക് തങ്ങളുടെ യാത്ര പുനഃക്രമീകരിക്കുന്നതിന് പകരം ഗള്ഫ് മേഖലയിലെ വിമാനക്കമ്പനികള് സര്വീസ് നടത്തുന്ന മറ്റൊരു വിമാനത്താവളം തിരഞ്ഞെടുക്കാനും അവസരമുണ്ട്. സീറ്റുകളുടെ ലഭ്യതയ്ക്കും ബന്ധപ്പെട്ട നിബന്ധനകള്ക്കും വിധേയമായിരിക്കും ഈ സൗകര്യം. എയര് ഇന്ത്യ യാത്രക്കാര്ക്ക് ദുബായ്, ദോഹ എന്നിവിടങ്ങളില്നിന്നോ അവിടങ്ങളിലേക്കോ യാത്ര പുനഃക്രമീകരിക്കാം. എയര് ഇന്ത്യ എക്സ്പ്രസ് യാത്രക്കാര്ക്ക് അബുദാബി, അല് ഐന്, ബഹ്റൈന്, ദോഹ, ദുബായ്, കുവൈത്ത്, മസ്കത്ത്, റാസല്ഖൈമ, സലാല, ഷാര്ജ എന്നിവിടങ്ങളില്നിന്നുള്ള സര്വീസുകള് പരിഗണിക്കാം.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
എന്നാല്, പകരം വിമാനത്താവളത്തിലേക്കുള്ള യാത്രയും ആവശ്യമായ വിസയും പ്രവേശനാനുമതിയും യാത്രക്കാര് സ്വന്തം നിലയില് ഉറപ്പാക്കണം. റദ്ദാക്കിയ വിമാനങ്ങളില് യാത്ര ചെയ്യാന് താല്പര്യമില്ലാത്തവര്ക്ക് ടിക്കറ്റ് തുക പൂര്ണമായി തിരികെ വാങ്ങാനും സാധിക്കും. പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും തുടര്നടപടികള് സംബന്ധിച്ച വിവരങ്ങള് യാത്രക്കാരെ അറിയിക്കുമെന്നും എയര് ഇന്ത്യ വ്യക്തമാക്കി. യാത്രക്കാര്ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള് കുറയ്ക്കുന്നതിനും അനുയോജ്യമായ യാത്രാ മാര്ഗങ്ങള് ലഭ്യമാക്കുന്നതിനുമാണ് മുന്ഗണനയെന്നും കമ്പനി അറിയിച്ചു.















