ന്യൂഡല്‍ഹി: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ വിജയദശമി ദിനമായ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയുടെ 100 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും ന്യൂസിലന്‍ഡ് വിപണിയില്‍ തീരുവയില്ലാതെ പ്രവേശനം ലഭിക്കും. ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്കും ചെറുകിട സംരംഭങ്ങള്‍ക്കും കര്‍ഷകര്‍ക്കും പുതിയ അവസരങ്ങള്‍ തുറക്കുന്നതാണ് കരാര്‍. ന്യൂഡല്‍ഹിയില്‍ കരാര്‍ പ്രാബല്യത്തില്‍ വരുന്നതുമായി ബന്ധപ്പെട്ട ചടങ്ങില്‍ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2047ഓടെ വികസിത ഭാരതമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് കരാര്‍ കരുത്തുപകരുമെന്ന് അദ്ദേഹം പറഞ്ഞു.
ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, കരകൗശല തൊഴിലാളികള്‍, കര്‍ഷകര്‍, ഔഷധനിര്‍മാണ മേഖല എന്നിവയ്‌ക്ക് കരാര്‍ വലിയ നേട്ടമാകുമെന്നാണ് പ്രതീക്ഷ. 2030ഓടെ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ചരക്ക്-സേവന വ്യാപാരം ഇരട്ടിയാക്കി ഏകദേശം 35,000 കോടി രൂപയിലെത്തിക്കുകയാണ് ലക്ഷ്യമെന്നും പിയൂഷ് ഗോയല്‍ വ്യക്തമാക്കി. ഇന്ത്യന്‍ കര്‍ഷകര്‍ക്ക് പഴങ്ങള്‍, പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ന്യൂസിലന്‍ഡ് വിപണിയില്‍ കൂടുതല്‍ വിറ്റഴിക്കാനുള്ള അവസരം ലഭിക്കും. ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനും വരുമാനം മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. അതേസമയം, ക്ഷീരമേഖല ഉള്‍പ്പെടെയുള്ള സെന്‍സിറ്റീവ് മേഖലകള്‍ക്ക് സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്നും കര്‍ഷകരുടെ ക്ഷേമത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ 20 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം സാധ്യമാക്കാനുള്ള ന്യൂസിലന്‍ഡിന്റെ പ്രതിബദ്ധതയും കരാറിന്റെ പ്രധാന നേട്ടമാണ്. നിര്‍മാണം, അടിസ്ഥാനസൗകര്യം, സേവനമേഖല, നവീകരണം എന്നിവയില്‍ നിക്ഷേപം വര്‍ധിക്കാന്‍ ഇത് സഹായിക്കുമെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ഇരു രാജ്യങ്ങളിലെയും സാമ്പത്തിക വളര്‍ച്ച ശക്തിപ്പെടുത്താനും കരാറിന് കഴിയുമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷം ഏപ്രിലില്‍ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിലായിരുന്നു ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ചത്. സേവനമേഖലയിലും നിക്ഷേപത്തിലും സഹകരണം വര്‍ധിപ്പിക്കുന്നതിനൊപ്പം ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ന്യൂസിലന്‍ഡില്‍ കൂടുതല്‍ അവസരങ്ങള്‍ തുറക്കാനും കരാര്‍ ലക്ഷ്യമിടുന്നു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
2025-26ല്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ചരക്കുവ്യാപാരം ഏകദേശം 110 കോടി ഡോളറായിരുന്നു. വ്യാപാരം, നിക്ഷേപം, കൃഷി, വിദ്യാഭ്യാസം, കായികം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ നിലവിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ പുതിയ കരാര്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. കരാര്‍ പ്രാബല്യത്തില്‍ വരുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ നിര്‍മിച്ച ജെസിബി യന്ത്രം ന്യൂസിലന്‍ഡിലേക്ക് കയറ്റുമതി ചെയ്യുന്നതിന് പിയൂഷ് ഗോയല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. കൃഷി, രത്‌ന-ആഭരണ മേഖല, എന്‍ജിനീയറിങ്, കായികോപകരണങ്ങള്‍, പാദരക്ഷകള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിക്കും തുടക്കമാകും. ഇന്ത്യന്‍ നിര്‍മാതാക്കള്‍ക്ക് വിദേശ വിപണികളില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇതിലൂടെ വ്യക്തമാകുന്നത്.















