ന്യൂഡൽഹി: അടുത്ത രക്തബന്ധത്തിലുള്ളവർ തമ്മിലുള്ള വിവാഹങ്ങൾ നിയന്ത്രിക്കാൻ പ്രത്യേക നിയമം കൊണ്ടുവരുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി. ഇത്തരം വിവാഹങ്ങൾ മൂലമുണ്ടാകാവുന്ന ജനിതക ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കണമെന്നും കോടതി നിർദേശിച്ചു. എന്നാൽ നിയമനിർമാണത്തിന് നിർദേശം നൽകുകയല്ല, വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അടുത്ത രക്തബന്ധത്തിലുള്ളവർ തമ്മിലുള്ള വിവാഹങ്ങൾ (Consanguineous Marriages) നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയാണ് കോടതി പരിശോധിച്ചത്. ഇത്തരം സാമൂഹിക പരിഷ്കരണ വിഷയങ്ങളിൽ നിയമനിർമാണം നടത്തേണ്ടത് പാർലമെന്റിന്റെ അധികാരപരിധിയിലാണെന്നും കോടതി നിരീക്ഷിച്ചു.
ബെംഗളൂരുവിൽ താമസിക്കുന്ന നിയമവിദ്യാർഥിനി ചാർവി എസ് സമർപ്പിച്ച ഹർജിയിലാണ് നടപടി. പാരമ്പര്യത്തിന്റെ പേരിൽ കുട്ടികൾക്ക് ഒഴിവാക്കാനാകുന്ന ജനിതക ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാഹചര്യം നിയമം അനുവദിക്കണമോയെന്ന ചോദ്യമാണ് ഹർജിക്കാരി ഉയർത്തിയത്.
ജനിതക രോഗസാധ്യതകൾ ഉയർത്തിക്കാട്ടി ഹർജി
അടുത്ത രക്തബന്ധത്തിലുള്ളവർ തമ്മിലുള്ള വിവാഹം കുട്ടികളിൽ ജനിതക രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം വിവാഹങ്ങൾ മൂലം ഒരേ ജനിതക ഘടകങ്ങൾ കുട്ടികളിൽ ഒരുമിച്ചെത്താനുള്ള സാധ്യത വർധിക്കുകയും അതുവഴി ചില ജനിതക രോഗങ്ങൾ പ്രകടമാകുകയും ചെയ്യാം. ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങൾ, കാഴ്ച-കേൾവി പ്രശ്നങ്ങൾ, വളർച്ചാ വൈകല്യങ്ങൾ, ശിശുമരണ സാധ്യത എന്നിവയും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്.
ഗ്രാമീണ മേഖലകളിൽ ബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങൾ കൂടുതലാണെന്നും ജനിതക ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ആവശ്യമായ അറിവില്ലാതെയാണ് പലരും ഇത്തരം വിവാഹങ്ങളിൽ ഏർപ്പെടുന്നതെന്നും ഹർജിക്കാരിയുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. വിവാഹത്തിന് മുമ്പുള്ള ജനിതക കൗൺസിലിങ്ങും പരിശോധനകളും ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
വിവാഹം വ്യക്തിപരമായ തിരഞ്ഞെടുപ്പ്; ബോധവത്കരണം വേണം
വിവാഹം വ്യക്തികളുടെ വ്യക്തിപരമായ തീരുമാനമാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, ഇത്തരം തീരുമാനങ്ങൾ എടുക്കുമ്പോൾ ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വ്യക്തമായ അറിവുണ്ടാകണമെന്നും വ്യക്തമാക്കി. ഹർജിയിലെ ആശങ്കകൾ പൊതുജനശ്രദ്ധയിൽ കൊണ്ടുവരേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
നിയമനിർമാണത്തിന്റെ സാധ്യതകൾ പരിശോധിക്കണമെന്നും അല്ലെങ്കിൽ പാഠ്യപദ്ധതികൾ ഉൾപ്പെടെയുള്ള വിവിധ മാധ്യമങ്ങളിലൂടെ വ്യാപകമായ ബോധവത്കരണം നടത്തണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.















