കൊച്ചി: വിദേശ നയതന്ത്രജ്ഞരും തന്ത്രപ്രധാന മേഖലകളിലെ വിദഗ്ധരും പങ്കെടുത്ത ‘കൊച്ചി ഡയലോഗ് 2026’ നയതന്ത്ര കോൺക്ലേവിൽ ഭീകരവാദ കേസ് പ്രതി സി.എ. റൗഫ് പങ്കെടുത്ത സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗങ്ങൾ അന്വേഷണം ആരംഭിച്ചു. ഇന്റലിജൻസ് ബ്യൂറോയും (ഐബി) പോലീസിന്റെ ഇന്റേണൽ സെക്യൂരിറ്റി ഇന്റലിജൻസുമാണ് അന്വേഷണം നടത്തുന്നത്. സമ്മേളനത്തിന്റെ സംഘാടകരായ സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചിന്റെ (സിപിപിആർ) പങ്കും അന്വേഷണ പരിധിയിലുണ്ട്.
ബുധനാഴ്ച ആരംഭിച്ച മൂന്ന് ദിവസത്തെ ഇന്ത്യ-ജിസിസി നയതന്ത്ര രൂപീകരണ സമ്മേളനത്തിന്റെ ആദ്യദിവസമാണ് പിഎഫ്ഐ ഭീകരവാദ കേസിലെ പ്രതിയും സംഘടനയുടെ മുൻ സംസ്ഥാന സെക്രട്ടറിയുമായ സി.എ. റൗഫ് പങ്കെടുത്തത്. വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സിപിപിആറാണ് സമ്മേളനം സംഘടിപ്പിച്ചത്.
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (PFI) മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ്. 2022 ഒക്ടോബറിൽ എൻഐഎ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാലക്കാട് പട്ടാമ്പി സ്വദേശിയാണ്.
നയതന്ത്ര രംഗത്തെ വിദഗ്ധരെ സമ്മേളനത്തിൽ പങ്കെടുപ്പിച്ചതും പ്രതിനിധി പാസ് ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ നിയന്ത്രിച്ചതും സിപിപിആർ ആയിരുന്നു. ഭീകരവാദ കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത് ദീർഘകാലം റിമാൻഡിൽ കഴിഞ്ഞ വ്യക്തി എങ്ങനെ സമ്മേളനത്തിൽ പ്രതിനിധിയായി എത്തി എന്നതാണ് അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത്.
റൗഫിന്റെ പശ്ചാത്തലം സംഘാടകർ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിരുന്നോ എന്നതും അന്വേഷണവിധേയമാണ്. സംഭവത്തിൽ സ്റ്റേറ്റ് പോലീസ് സ്പെഷ്യൽ ബ്രാഞ്ച് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. വിഷയം ഗൗരവമുള്ളതായതിനാൽ ഇന്റേണൽ സെക്യൂരിറ്റി ഇന്റലിജൻസിന് റിപ്പോർട്ട് ചെയ്തതായും വിവരമുണ്ട്. സംഘാടകരിൽ നിന്ന് രഹസ്യാന്വേഷണ വിഭാഗങ്ങൾ വിവരങ്ങൾ തേടിയിട്ടുണ്ട്.
വിദേശ നയതന്ത്രജ്ഞരും തന്ത്രപ്രധാന മേഖലകളിലെ വിദഗ്ധരും പങ്കെടുക്കുന്ന സമ്മേളനത്തിൽ സുരക്ഷാ പരിശോധനകൾ മറികടന്ന് ഭീകരവാദ കേസിലെ പ്രതി എത്തിയതെങ്ങനെയെന്ന ചോദ്യവും ഉയരുന്നുണ്ട്. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന വക്താവ് പി.ആർ. ശിവശങ്കർ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടു.















