കോഴിക്കോട്: വിദ്യാർത്ഥികളെ സ്വകാര്യ കെട്ടിടത്തിന് മുകളിലെത്തിച്ച് മയക്കുമരുന്ന് കുത്തിവെക്കാൻ ശ്രമിച്ചെന്ന് സംശയം. നാദാപുരത്ത് ആയഞ്ചേരി സ്വദേശിയായ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. സംഭവസ്ഥലത്തുനിന്ന് സിറിഞ്ചുകളും കണ്ടെത്തി.
നാദാപുരം സബ് രജിസ്ട്രാർ ഓഫീസിന് മുന്നിലെ സ്വകാര്യ കെട്ടിടത്തിന് മുകളിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് വിദ്യാർത്ഥികൾക്കൊപ്പം യുവാവിനെ കണ്ട നാട്ടുകാരും വ്യാപാരികളും തടഞ്ഞുവെക്കുകയായിരുന്നു.
യുവാവിനൊപ്പം രണ്ട് വിദ്യാർത്ഥികളുണ്ടായിരുന്നുവെന്നും കെട്ടിടത്തിന് മുകളിൽ നിന്ന് സിറിഞ്ചുകൾ കണ്ടെത്തിയെന്നും സംഭവസ്ഥലത്തെത്തിയ നാദാപുരം ഗ്രാമപഞ്ചായത്ത് അംഗം അബ്ബാസ് കണേക്കൽ പറഞ്ഞു.
പിടിയിലായ യുവാവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. വിദ്യാർത്ഥികളുടെ മൊഴിയും രേഖപ്പെടുത്തുന്നുണ്ട്. സംഭവത്തിന് പിന്നിലെ യഥാർഥ സാഹചര്യം അന്വേഷിച്ചുവരികയാണെന്ന് നാദാപുരം പൊലീസ് അറിയിച്ചു.















