ജയ്പൂർ: വീട്ടിൽ തയ്യാറാക്കിയ നൂഡിൽസ് കഴിച്ചതിന് പിന്നാലെ ഏഴുവയസുകാരിക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ ജയ്പൂരിലെ മംഗളം സിറ്റി മേഖലയിലാണ് സംഭവം. പിഹു കുമാവത്ത് എന്ന ഏഴുവയസുകാരിയാണ് മരിച്ചത്. കുട്ടിയുടെ മൂത്ത സഹോദരിക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. ഭക്ഷ്യവിഷബാധയാണെന്നാണ് പ്രാഥമിക സംശയമെങ്കിലും മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
സഹോദരിമാർ വീട്ടിൽ സ്വയം തയ്യാറാക്കിയ നൂഡിൽസ് കഴിച്ചശേഷം ഉറങ്ങാൻ പോയതായാണ് വിവരം. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ വീട്ടിലെത്തിയ അമ്മ കുട്ടികളെ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മൂത്ത സഹോദരി ദിവ്യാൻഷി ഉണർന്നെങ്കിലും പിഹുവിന് പ്രതികരണമുണ്ടായില്ല. തുടർന്ന് ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചു. എന്നാൽ പിഹു മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ദേഹാസ്വാസ്ഥ്യമുണ്ടായിരുന്ന ദിവ്യാൻഷിക്ക് ആശുപത്രിയിൽ ചികിത്സ നൽകി. വെള്ളിയാഴ്ച രാവിലെ കുട്ടിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികൾ കഴിച്ച നൂഡിൽസിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്‌ക്കായി ലബോറട്ടറിയിലേക്ക് അയച്ചു. അമ്മയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.ഭക്ഷ്യവിഷബാധയാണോ മരണത്തിന് കാരണമെന്ന് സ്ഥിരീകരിക്കാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ലബോറട്ടറി പരിശോധനാഫലവും കാത്തിരിക്കുകയാണ് അധികൃതർ.















